എച്ച്.പി.സി.എല്ലും ടാറ്റാ മോട്ടോഴ്‌സും കൈകോർക്കുന്നു
മുംബയ്: പൊതുമേഖലാ എണ്ണ വിപണന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും (എച്ച്.പി.സി.എൽ) രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം മാറ്റുന്ന ലൂബ്രിക്കന്റുകൾ സുരക്ഷിതമായി ശേഖരിച്ച് ശാസ്ത്രീയമായി പുനരുപയോഗിക്കാനായി കൈകോർക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. പരിസ്ഥിതി മലിനീകരണവും കാർബൺ പുറന്തള്ളലും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടകരമായ മാലിന്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഓയിലുകൾ കൃത്യമായ നിരീക്ഷണത്തിലൂടെ ശേഖരിച്ച്, ഉയർന്ന ഗുണനിലവാരമുള്ള റീ-റീഫൈൻഡ് ബേസ് ഓയിലാക്കും. എച്ച്.പി.സി.എല്ലിന്റെ വിതരണ ശൃംഖലയിലും ടാറ്റാ മോട്ടോഴ്‌സിന്റെ ഇന്ത്യയിലുടനീളമുള്ള 4,500-ലധികം വരുന്ന വിപുലമായ സർവീസ് നെറ്റ്‌വർക്കിലൂടെയും ഓയിൽ ശേഖരിച്ച് ഔദ്യോഗിക റീസൈക്ലിംഗ് കേന്ദ്രങ്ങളിൽ എത്തിക്കും. പ്രാരംഭ ഘട്ടത്തിൽ തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളിലാണ് ഈ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുക. ഉപയോഗിച്ച ഓയിൽ വീണ്ടും ലൂബ്രിക്കന്റുകളാക്കി മാറ്റി വിപണിയിൽ എത്തിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണെന്ന് എച്ച്.പി.സി.എൽ ലൂബ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ സി.എച്ച്. ശ്രീനിവാസ് പറഞ്ഞു. ശരിയായ രീതിയിൽ കൈകാര്യം ചെയ്‌തില്ലെങ്കിൽ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന ഒന്നാണ് ഉപയോഗിച്ച വാഹന ഓയിലുകളെന്നും, പുതിയ പദ്ധതി രാജ്യത്ത് മികച്ചൊരു മാലിന്യ സംസ്‌കരണ മാതൃക സൃഷ്‌ടിക്കാൻ സാധിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സ് പാർട്സ് ആൻഡ് സർവീസസ് മേധാവി വിക്രം അഗർവാൾ പറഞ്ഞു.