84-ാം വയസിൽ ആദ്യമായി വിമാനയാത്ര; മുത്തശ്ശിയുടെ സ്വപ്നം സഫലമാക്കി പേരക്കുട്ടി

Saturday 16 May 2026 9:39 PM IST

ന്യൂഡൽഹി: സ്വപ്നങ്ങൾക്ക് പ്രായത്തിന്റെ അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശിയും പേരക്കുട്ടിയും. വിമാനത്തിൽ കയറി യാത്ര ചെയ്യണമെന്ന് ജീവിത കാലം മുഴുവനും ആഗ്രഹിച്ചിരുന്ന ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിയിലൂടെ ആ സ്വപ്നം യാഥാർത്ഥ്യം ആക്കിയതിന്റെ അപൂർവ നിമിഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മകൻ, സുഹൃത്ത്, കലാകാരൻ, പൈലറ്റ് എന്നീ നിലകളിൽ സ്വയം പരിചയപ്പെടുത്തുന്ന അർണബ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ മുത്തശ്ശിക്കൊപ്പമുള്ള ഹൃദയസ്പർശിയായ വീഡിയോ പങ്കുവച്ചത്. 84ാം വയസിലാണ് ആകാശത്തിലൂടെയുള്ള ആദ്യ യാത്ര ആ മുത്തശ്ശി സാക്ഷാത്കരിച്ചിരിക്കുന്നത്. അതിന് ചിറകേകിയതാകട്ടെ പേരക്കുട്ടിയും. മുത്തശ്ശി ആദ്യമായി വിമാനത്തിൽ കയറിയതിന്റെ ഓരോ നിമിഷവും അർണബ് ക്യാമറയിൽ പകർത്തി.

'എന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ 22 വർഷമെടുത്തു, പക്ഷേ അവരുടെ ആദ്യ വിമാനയാത്രയ്ക്ക് 84 വർഷമെടുത്തു,' എന്ന വരികളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എയർപോർട്ടിലൂടെ തനിക്ക് മുന്നിലായി നടന്നുപോകുന്ന മുത്തശ്ശിയെ അർണബ് ക്യാമറയിൽ പകർത്തുന്നത് കാണാം. തുടർന്ന്, ഇൻഡിഗോ വിമാനത്തിന്റെ പടവുകൾ പതുക്കെക്കയറി, ഉള്ളിൽ ഒതുക്കിയ കൗതുകത്തോടെ മുത്തശ്ശി വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. സീറ്റിലിരുന്ന ശേഷം യാതൊരുവിധ പരിഭ്രമവുമില്ലാതെ, വളരെ കൂളായി ഒരു പാക്കറ്റ് മഖാന കഴിച്ച് യാത്രയ്ക്ക് കാത്തിരിക്കുകയാണ് അവർ.

വിമാനം പറന്നുയർന്നപ്പോൾ ജനാലയിലൂടെ പുറംകാഴ്ചകൾ നോക്കി അത്ഭുതത്തോടെ ഇരിക്കുന്ന മുത്തശ്ശിയുടെ മുഖമാണ് കാഴ്ച്ചക്കാരെ ഏറ്റവും കൂടുതൽ സ്പർശിച്ചത്. യാത്രയ്ക്ക് ശേഷം വിമാനത്തിന് മുന്നിൽ നിന്നും അഭിമാനത്തോടെ ഫോട്ടേയ്ക്ക് പോസ് ചെയ്യുന്നതും, പേരക്കുട്ടിക്കൊപ്പം ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്നതുമായ ചിത്രങ്ങളും വീഡിയോയുടെ അവസാന ഭാഗത്തിലുണ്ട്. വർഷങ്ങളോളം മനസിൽ കൊണ്ടുനടന്ന വലിയ സ്വപ്നമാണ് പേരക്കുട്ടിയിലൂടെ അമ്മൂമ്മ സാധിച്ചെടുത്തത്.

നിമിഷങ്ങൾക്കകമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പേരക്കുട്ടികളും മുത്തശ്ശിമാരും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്തരം അനുഭവങ്ങളെന്ന് പലരും കുറിച്ചു.