പ്ളേ ഓഫ് മോഹവുമായി ചെന്നൈ, ധോണി ഇന്നിറങ്ങുമോ?: സഞ്ജുവിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
അഹമ്മദാബാദ്: ഈ സീസണിലെ അവസാന ലീഗ് മത്സരത്തിന് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിറങ്ങും. പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ ഗുജറാത്ത് ടൈറ്റൻസാണ് നിർണായക ദിനത്തിൽ ചെന്നൈയുടെ എതിരാളി. അഹമ്മദാബാദിൽ രാത്രി 7.30നാണ് മത്സരം. ഈ കളിയിൽ വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് പ്ലേ ഓഫ് സാദ്ധ്യതകൾ നിലനിർത്താനാവൂ. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ കൂടി ആശ്രയിച്ചായിരിക്കും സിഎസ്‌കെയുടെ പ്ലേ ഓഫിലേക്കുള്ള പ്രവേശനം.
ശസ്ത്രക്രിയയ്ക്ക് വിധേയനായ എം എസ് ധോണി റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ആരാധകർ കടുത്ത നിരാശയിലാണ്. ചെന്നൈ പ്ലേ ഓഫിലെത്തിയാൽ അദ്ദേഹം ടീമിനൊപ്പം തിരികെ ചേരുമെന്നാണ് സൂചന. ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്തിന് ഈ മത്സരം അനിവാര്യമാണ്. ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിരയും കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവർ നയിക്കുന്ന ബൗളിംഗ് നിരയും ഗുജറാത്തിന്റെ കരുത്താണ്.
എന്നാൽ ചെന്നൈയുടെ ശ്രദ്ധാകേന്ദ്രം മലയാളി താരം സഞ്ജു സാംസാണാണ്. മത്സരത്തിന്റെ തുടക്കം ഗംഭീരമാക്കാൻ സഞ്ജുവും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. കാർത്തിക് ശർമ്മ, ഉർവിൽ പട്ടേൽ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ എന്നിവർ ഉൾപ്പെടുന്ന ബാറ്റിംഗ് നിരയും അൻഷുൽ കംബോജ്, നൂർ അഹമ്മദ്, അകീൽ ഹൊസെയ്ൻ എന്നിവരുടെ ബൗളിംഗും ചെന്നൈയുടെ പ്രതീക്ഷകളാണ്.
നേരത്തെ ഇരുടീമുകളും ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ ഗുജറാത്തും നാല് തവണ ചെന്നൈയുമാണ് വിജയിച്ചത്. ചെപ്പോക്കിലെ തോൽവിക്ക് പകരംവീട്ടാൻ ഇറങ്ങുന്ന ചെന്നൈയ്ക്ക് ഈ മത്സരം നിർണായകമാണ്. പ്ലേ ഓഫ് യോഗ്യതയ്ക്കായി ചെന്നൈ നടത്തുന്ന ഈ അവസാന പോരാട്ടം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്