രക്ഷകനായി കോര്‍ബിന്‍ ബോഷ്, ഈഡനില്‍ മുംബയ് ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ നേടി മുംബയ് ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബയ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. എട്ടാമനായി ക്രീസിലെത്തിയ കോര്‍ബിന്‍ ബോഷ് ആണ് ടോപ് സ്‌കോറര്‍. 18 പന്തുകള്‍ നേരിട്ട താരം 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
ബാറ്റിംഗ് ആരംഭിച്ച മുംബയ് ഇന്ത്യന്‍സിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ടണ്‍ 6(7), രോഹിത് ശര്‍മ്മ 15(13), മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധീര്‍ 0(3) എന്നിവര്‍ തിളങ്ങിയില്ല. സൂര്യകുമാര്‍ യാദവ് 15(6) റണ്‍സെടുത്ത് നാലാമനായി പുറത്തായി. തിലക് വര്‍മ്മ 20(32), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 26(27) എന്നിവര്‍ അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. വില്‍ ജാക്‌സ് 14(7), ദീപക് ചഹാര്‍ 10(7) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സൗരബ് ദൂബെ, കാമറൂണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ കൊല്‍ക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാകും. സീസണിലെ ആദ്യ ജയത്തിനായി ഏഴാം മത്സരം വരെ കാത്തിരുന്നതിന് ശേഷമാണ് കൊല്‍ക്കത്ത മികച്ച പ്രകടനങ്ങളിലൂടെ തുടര്‍ജയങ്ങള്‍ കുറിച്ചത്.