മുംബയ്ക്കും ചെന്നൈക്കും ഒപ്പം കൊഹ്ലിയുടെ ആര്‍സിബിയും; അപൂര്‍വ നേട്ടം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

Sunday 31 May 2026 11:27 PM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഒരു കിരീടം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഈ നേട്ടം ഒന്നിലധികം തവണ സ്വന്തമാക്കുന്നതിലും ശ്രമകരമായ ഒരു നേട്ടമാണ് 2026ലെ കിരീട നേട്ടത്തിലൂടെ ആര്‍സിബി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടുന്ന മൂന്നാമത്തെ ടീം എന്ന നേട്ടമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് സ്വന്തമായിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബയ് ഇന്ത്യന്‍സ് എന്നീ ടീമുകള്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

2010ലും 2011ലും ആയിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടര്‍ച്ചയായി ഐപിഎല്‍ കിരീടം ചൂടിയത്. 2010ല്‍ മുംബയ് ഇന്ത്യന്‍സിനേയും 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനേയുമാണ് ചെന്നൈ പരാജയപ്പെടുത്തിയത്. 2019, 2020 സീസണുകളിലാണ് മുംബയ് ഇന്ത്യന്‍സ് തുടര്‍ച്ചയായി രണ്ട് തവണ കിരീടം ചൂടിയത്. 2019ല്‍ ഹൈദരാബാദില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആവേശപ്പോരിനൊടുവില്‍ ഒരു റണ്ണിനാണ് അന്ന് മുംബയ് തോല്‍പ്പിച്ചത്. തൊട്ടടുത്ത വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബയ് കിരീടം നിലനിര്‍ത്തുകയായിരുന്നു.

ആര്‍സിബിയേയും അവരുടെ ആരാധകരേയും സംബന്ധിച്ച് ഇത് ഇരട്ടി മധുരമാണ്. ആദ്യ കിരീടത്തിനായി 17 സീസണുകള്‍ കാത്തിരുന്നതിന് ശേഷം 2025ല്‍ ആണ് ആദ്യമായി കിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോഴിതാ കാത്തിരുന്ന് കിട്ടിയ കിരീടം മറ്റ് ടീമുകള്‍ക്ക് വിട്ടുകൊടുക്കാതെ മുന്നേറുകയാണ് ആര്‍സിബി. മികച്ച ബാറ്റിംഗ്, ബൗളിംഗ് പ്രകടനവും ഒന്നിലധികം മാച്ച് വിന്നര്‍മാരുടെ സാന്നിദ്ധ്യവും നിലവില്‍ ഏറ്റവും അപകടകാരികളായ സംഘമാക്കി അവരെ മാറ്റിയിട്ടുണ്ട്.