ഗുജറാത്തിനെ തകര്‍ത്ത് കിംഗ് കൊഹ്ലിയും സംഘവും; ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി

Sunday 31 May 2026 11:26 PM IST

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തി ആര്‍സിബി. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടമുയര്‍ത്തുന്നത്. ആദ്യമ ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കലാശപ്പോരിന് യോജിക്കുന്ന വെല്ലുവിളി ഉയര്‍ത്താന്‍ ശുബ്മാന്‍ ഗില്ലിനും സംഘത്തിനും കഴിഞ്ഞില്ല. അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വെങ്കിടേഷ് അയ്യര്‍ 32(16) കത്തിക്കയറിയപ്പോള്‍ വെറും 21 പന്തുകളില്‍ ടീം സ്‌കോര്‍ 50 കടന്നു. അഞ്ചാം ഓവറില്‍ അയ്യര്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ദേവദത്ത് പടിക്കല്‍ 1(4) പെട്ടെന്ന് പുറത്തായി. ഒമ്പതാം ഓവറില്‍ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 15(13), ക്രുണാല്‍ പാണ്ഡ്യ 1(2) എന്നിവര്‍ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ സ്‌കോര്‍ 91ന് നാല് എന്ന നിലയിലായി.

ഗുജറാത്തിന് നേരിയ പ്രതീക്ഷ ഈ ഘട്ടത്തിലുണ്ടായിരുന്നുവെങ്കിലും ഒരുവശത്ത് വിരാട് കൊഹ്ലി നിലയുറപ്പിച്ചത് ആര്‍സിബി ആരാധകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. അതിനിടെ ടിം ഡേവിഡ് കൊഹ്ലി സഖ്യം 41 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ സമ്മര്‍ദ്ദം അയഞ്ഞു. 17 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡ് പുറത്താകുമ്പോള്‍ 36 പന്തുകളില്‍ നിന്ന് വെറും 24 റണ്‍സ് മാത്രം മതിയായിരുന്നു ആര്‍സിബിക്ക് ജയത്തിലേക്ക്. വിരാട് കൊഹ്ലി 75*(42), ജിതേഷ് ശര്‍മ്മ 11*(14) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ ഫോമിലുള്ള മുന്‍നിര തകര്‍ന്നപ്പോള്‍ മദ്ധ്യനിരയില്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടൈറ്റന്‍സിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 10(8) ആണ് ആദ്യം പുറത്തായത്. സായ് സുദര്‍ശനും 12(12) ഫൈനലില്‍ തിളങ്ങാനായില്ല. മൂന്നാമനായി എത്തിയ നിഷാന്ത് സിന്ധു 20(18), വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ 19(23) എന്നിവര്‍ അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. റണ്‍നിരക്കുയര്‍ത്താന്‍ സ്ഥാനക്കയറ്റം നേടി ക്രീസിലെത്തിയ അര്‍ഷദ് ഖാന്‍ 15(6) റണ്‍സെടുത്ത് മടങ്ങി. ജേസണ്‍ ഹോള്‍ഡര്‍ 7(5), രാഹുല്‍ തെവാത്തിയ 7(5) എന്നിവരും കാര്യമായി ഒന്നും ചെയ്യാനാകാതെ മടങ്ങി.

മികച്ച ബൗളിംഗ് പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ പുറത്തെടുത്തത്. ഒരു വശത്ത് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും മറുവശത്ത് വാഷിംഗ്ടണ്‍ സുന്ദര്‍ പിടിച്ചുനിന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 37 പന്തുകളില്‍ 50 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റാഷിദ് ഖാന്‍ 7(3) റണ്‍സെടുത്തപ്പോള്‍ കാഗിസോ റബാഡ 3*(3) പുറത്താകാതെ നിന്നു. ആര്‍സിബിക്ക് വേണ്ടി റാസിക് ദാര്‍ സലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസില്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതവും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.