2027ലെ ഏകദിന ലോകകപ്പിന് രോഹിത് ഫിറ്റല്ല? ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ

Thursday 21 May 2026 10:48 AM IST

മുംബയ്: 2027 ഐസിസി ഏകദിന ലോകകപ്പിൽ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ പങ്കാളിത്തത്തെക്കുറിച്ച് കടുത്ത ആശങ്ക പ്രകടപ്പിച്ച് ബിസിസിഐ. താരത്തിന്റെ ഫിറ്റ്നസിലാണ് ബോർഡിന് സംശയമുള്ളതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ അദ്ദേഹത്തിന് കളിക്കാനാകൂ.

ഏകദിനത്തിൽ കായികക്ഷമതയോടെ കളിക്കാൻ രോഹിത്തിന് സാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ബിസിസിഐക്ക് വ്യക്തതയില്ല. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിൽ ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് മുംബയ് ഇന്ത്യൻസിന്റെ ഒന്നിലധികം മത്സരങ്ങൾ രോഹിത്തിന് നഷ്ടമായിരുന്നു. ഇതിനെത്തുടർന്നാണ് അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് രോഹിത്തിന്റെ ഫിറ്റ്നസ് റിപ്പോർട്ട് ബിസിസിഐ ആവശ്യപ്പെട്ടത്. മൈതാനത്ത് 50 ഓവർ മുഴുവനും ഫീൽഡ് ചെയ്യാനുള്ള ശാരീരികക്ഷമത രോഹിത്തിന് ഉണ്ടാകുമോ എന്നതിലാണ് സെലക്ടർമാരുടെ ആശങ്ക.

'മൂന്നാഴ്ചയായി രോഹിത് ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അദ്ദേഹം തടി കുറഞ്ഞ് മെലിഞ്ഞിട്ടുണ്ടെന്നത് ശരിയാണ് എന്നാൽ ഉയർന്ന തലത്തിലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ശരീരം അത് എത്രത്തോളം താങ്ങുമെന്നത് കണ്ടറിയണം. ഐപിഎല്ലിലെപ്പോലെ ഇംപാക്ട് പ്ലെയർ ആയി മാറിനിൽക്കാൻ ഏകദിനത്തിൽ കഴിയില്ല. 50 ഓവറും ഫീൽഡ് ചെയ്യണം. താരം 40 വയസിനോട് അടുക്കുന്നതിനാൽ പരിക്കുകളിൽ നിന്ന് ശരീരം സുഖപ്പെടാൻ സമയമെടുക്കും'.- ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ലോകകപ്പിന് മുൻപ് ഇന്ത്യക്ക് ഇനി അധികം ഏകദിന മത്സരങ്ങൾ ബാക്കിയില്ല. ഈ സാഹചര്യത്തിൽ യശസ്വി ജയ്സ്വാളിന് പുറമെ മറ്റ് ബാക്ക്അപ്പ് ഓപ്പണർമാരെക്കൂടി സജ്ജമാക്കാൻ സെലക്ടർമാർ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതേസമയം, ഓപ്പണർ സ്ഥാനത്തേക്ക് കൂടി പരിഗണിച്ചാണ് ഇഷാനെ ടീമിലെടുത്തിരിക്കുന്നത്. ലോകകപ്പിന് മുൻപ് രോഹിത്തിന് കളിക്കാൻ സാധിക്കാതെ വരികയും, ഒപ്പം ശുഭ്മാൻ ഗില്ലിനോ ജയ്സ്വാളിനോ പരിക്കേൽക്കുകയും ചെയ്താൽ മറ്റൊരു ഓപ്പണർ കൂടി ടീമിൽ സജ്ജമായിരിക്കണം എന്നാണ് ബോർഡിന്റെ നിലപാട്. ടീം സെലക്ഷന്റെ കാര്യത്തിൽ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയെയും ഇനി ഒരേ തട്ടിൽ അളക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐയും ടീം മാനേജ്‌മെന്റും.

നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം ക്രിക്കറ്റർമാരേക്കാളും മികച്ച ഫിറ്റ്നസും ഫോമും കൊഹ്‌ലിക്കുണ്ട്. തുടക്കത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്ന 'അൾട്രാ അഗ്രസീവ്' ബാറ്റിംഗ് ശൈലി രോഹിത് ഇപ്പോൾ പുറത്തെടുക്കാത്തതിൽ മാനേജ്‌മെന്റ് കടുത്ത അതൃപ്തിയിലാണ്. കൊഹ്‌ലിയെയും രോഹിത്തിനെയും ഇനി ഒന്നിച്ച് കാണാൻ സാധിക്കില്ലെന്നും ബിസിസിഐ മെഡിക്കൽ ടീമുമായി ആലോചിച്ച ശേഷം രോഹിത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമായിരിക്കും ഉണ്ടാകുക.