ഗുജറാത്ത് ടൈറ്റൻസിന്റെ ബസിൽ തീപിടിത്തം, ഗില്ലടക്കം താരങ്ങളെയും സ്റ്റാഫിനെയും പുറത്തിറക്കി

Monday 01 June 2026 8:14 AM IST

അഹമ്മദാബാദ്: ഐപിഎൽ 2026 ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റൻസിന്റെ ടീം ബസിന് തീപിടിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ബസിൽ നിന്ന് ഷോർട്‌ സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. അഗ്നിബാധയെന്ന് മനസിലായതോടെ താരങ്ങളെയും സപ്പോർട്ടിംഗ് സ്‌റ്റാഫുകളെയും ഉടൻ ബസിൽ നിന്നും പുറത്തിറക്കി. സംഭവം നടന്നയുടൻ എല്ലാവരെയും പുറത്തെത്തിക്കാനായതിനാൽ ആർക്കും പരിക്കില്ല. ഇവരെല്ലാം ഒരുമണിക്കൂറോളം റോഡിൽ തുടരേണ്ടി വന്നു. ഞായറാഴ്‌ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ശേഷം നിരാശയോടെ ടീമംഗങ്ങൾ അഹമ്മദാബാദിലെ ഹോട്ടലിലേക്ക് മടങ്ങവെയാണ് സംഭവമുണ്ടായത്. നേരത്തെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ഐപിഎൽ ഫൈനലിൽ എത്തിയത്. മുള്ളൻപൂരിൽ നിന്നും ഫൈനലിനായി അഹമ്മദാബാദിലേക്ക് പുറപ്പെട്ട സംഘത്തിന്റെ മേയ് 30ലെ യാത്ര വൈകിയിരുന്നു. ഏറെ വൈകിയാണ്‌ അവർ അഹമ്മദാബാദിലെത്തിയത്. മോശം കാലാവസ്ഥ കാരണമാണ് വിമാനം വൈകിയത്. ഇതോടെ മത്സര തലേന്ന് ടൈറ്റൻസിന് പരിശീലനവും നടത്താനുമായില്ല. അതേസമയം എതിരാളികളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനാകട്ടെ രണ്ട് തവണ പരിശീലനം നടത്താൻ സാധിച്ചു.