വെൽഡൺ വൈഷ്ണവി, മലേഷ്യയെ പത്ത് നിലയിൽ പൊട്ടിച്ച് ഇന്ത്യ
അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ്
ക്വലാലംപൂർ : അണ്ടർ 19 വനിതാ ട്വന്റി- 20 ലോകകപ്പിൽ ആതിഥേയരായ മലേഷ്യയെ പത്ത് വിക്കറ്റിന് വീഴ്ത്തി തുടർച്ചയായ രണ്ടാം ജയം നേടി നിലിവലെ ചാമ്പ്യൻമാരായ ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത മലേഷ്യയെ 14.3 ഓവറിൽ ഇന്ത്യ വെറും 31 റൺസിന് ഓൾ ഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 2.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യത്തിലെത്തി (32/0). കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത്.
ഹാട്രിക്ക് തിളക്കത്തിൽ വൈഷ്ണവി
4 ഓവറിൽ 1 മെയ്ഡനും ഹാട്രിക്കുമുൾപ്പടെ 5 റൺസ് മാത്രം വിട്ടുകൊടുത്ത് അരങ്ങേറ്റത്തിൽ തന്നെ 5 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ വൈഷ്ണവി ശർമ്മയാണ് മലേഷ്യയുടെ നടുവൊടിച്ചത്. ആയുഷി ശുക്ല മൂന്നും മലയാളി പേസർ വി.ജെ ജോഷിത ഒരുവിക്കറ്റും വീഴ്ത്തി. മലേഷ്യ ബാറ്റർമാരിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. എക്‌സ്ട്രാസാണ് മലേഷ്യൻ ഇന്നിംഗ്സിലെ ഹൈസ്കോർ. എക്‌സ്ട്രാസായി 11 റൺസാണ് മലേഷ്യയ്‌ക്ക് ലഭിച്ചത്.
രണ്ടാം ഓവറിൽ ഓപ്പണർ നുനു ഫരിനിയയെ വിക്കറ്റിന് മുന്നിൽ കുടുക്കി ഡക്കാക്കി മടക്കി ജോഷിതയാണ് മലേഷ്യയുടെയും തകർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെയും തുടക്കത്തിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വഴിവെട്ടിയത് ജോഷിതയായിരുന്നു.
14-ാം ഓവറിൽ 2, 3, 4 പന്തുകളിൽ നൂർ ബിന്ദി (3), നൂർ ഇസ്മ(0), സിതി നസ്‌വാ(0) എന്നിവരെ പുറത്താക്കിയാണ് വൈഷ്ണവി ഹാട്രിക്ക് സ്വന്ത്രമാക്കിയത്.
തുടർന്ന് മറുപടിക്കിറങ്ങിയ ഇന്ത്യ ഓപ്പണർ ജി.തൃഷയുടെ (പുറത്താകാതെ 12 പന്തിൽ27) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 2.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. മറ്റൊരു ഓപ്പണർ കമാലിനിയും (4) തൃഷയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.