ബംഗളൂരു: തർക്കത്തിന് പിന്നാലെ യുവാവിനെ കാറിടിപ്പിച്ച് കൊന്നു. ബംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറായ എച്ച് എൻ സഞ്ജയ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാറോടിച്ചിരുന്ന പ്രതീക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് പത്താം തീയതി കനകപുര റോഡിലെ വസന്തപുര ക്രോസിന് സമീപമായിരുന്നു സംഭവം. സഞ്ജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബെെക്കിൽ കാർ ഇടിച്ചുകയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
അറസ്റ്റിലായ പ്രതീക് സിഗരറ്റ് വാങ്ങിനൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. മെയ് പത്താം തീയതി പുലർച്ചെ സഞ്ജയും സുഹൃത്തായ ചേതനും സുബ്രഹ്മണ്യപുരയിലെ ഒരു കടയുടെ സമീപം സിഗരറ്റ് വലിച്ചുനിൽക്കുകയായിരുന്നു. ഈ സമയത്താണ് പ്രതീക് കാറിലെത്തിയത്. തുടർന്ന് ഇയാൾ സഞ്ജയിനോട് തൊട്ടടുത്ത കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങിനൽകാൻ ആവശ്യപ്പെട്ടു.
ഇതിന് സഞ്ജയ് വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി പ്രതീക്, സഞ്ജയിനെ മർദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സഞ്ജയും സുഹൃത്തായ ചേതനും ബെെക്കിൽ മടങ്ങി. എന്നാൽ പ്രതീക് പകതീർക്കാനായി വീണ്ടും ഇവരെ കാറിൽ പിന്തുടരുകയും യുവാക്കളുടെ ബെെക്കിലേക്ക് കാർ ഇടിച്ചുകയറ്റുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ സുഹൃത്ത് ചേതൻ ഇപ്പോഴും ചികിത്സയിലാണ്. പ്രതീക് സംഭവസമയത്ത് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാനഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |