കൊച്ചി: കാക്കനാട് അത്താണിയിലും തൃപ്പൂണിത്തുറയിലും കൊച്ചി സിറ്റി പൊലീസിന്റെ ഡാൻസാഫ് നടത്തിയ വ്യത്യസ്ത പരിശോധനകളിൽ 208.67 ഗ്രാം എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ കൊച്ചിയിലെ രാസലഹരി സംഘത്തിലെ പ്രധാനകണ്ണിയെന്ന് പൊലീസ്.
ചേരാനല്ലൂർ ചിറ്റൂർ വല്ലംഇടയക്കുന്നം മാതിരപ്പിള്ളിവീട്ടിൽ അമൽജോർജ് ഷെൻസൺ (33), ആലുവ എടത്തല മുരിങ്ങാശേരിവീട്ടിൽ സഹാൽ യൂസഫ് (23), ഉദയംപേരൂർ മാളേക്കാട് തെളിപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരാണ് പിടിയിലായത്.
അമൽജോർജിനെയും സഹാൽയൂസഫിനെയും കാക്കനാട് അത്താണി കൊല്ലംകുടിമുഗൾ സെന്റ് ആന്റണീസ് ചർച്ച്റോഡിലെ ഹോട്ടലിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ ഒന്നാംനിലയിലെ മുറിയിൽനിന്ന് 2.790ഗ്രാം രാസലഹരിയുമായി സഹാലാണ് ആദ്യം പിടിയിലായത്. ഇയാളിൽനിന്നാണ് അമലിനെക്കുറിച്ച് വിവരം കിട്ടിയത്. തുടർന്നുള്ള പരിശോധനയിൽ രണ്ടാംനിലയിലെ മുറിയിൽനിന്ന് 203.110 ഗ്രാം എം.ഡി.എം.എയുമായി അമലിനെ കസ്റ്റഡിയിലെടുത്തു.
അമൽ മറ്റൊരു ലഹരിവിതരണ കേസിലും പ്രതിയാണ്.
വർഷങ്ങൾക്ക് കുവൈറ്റിൽ എറണാകുളം പിഴല സ്വദേശി മയക്കുമരുന്നുമായി അറസ്റ്റിലായ സംഭവത്തിലെ പ്രധാനകണ്ണി ഇയാളാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള സുഹൃത്തിന് സമ്മാനമെന്ന വ്യാജേനയാണ് മയക്കുമരുന്നു കൊടുത്തയച്ചത്. കേസിൽ പിഴല സ്വദേശി വർഷങ്ങളോളം കുവൈറ്റിൽ ജയിലിൽ കഴിഞ്ഞു. സ്ത്രീകളെയും യുവാക്കളെയും ക്യാരിയറായി ഉപയോഗിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അമൽ ലഹരിവിതരണം നടത്തുന്നത്. കൈവശമുള്ള ഫോൺ ഉപയോഗിക്കാതെ മറ്റുള്ളവരുടെ ഫോണിലെ വൈഫൈയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് നാർക്കോട്ടിക്ക് സെൽ എ.സി.പി അബ്ദുൽ സലാം അറിയിച്ചു.
തൃപ്പൂണിത്തുറ പാവംകുളങ്ങരയിൽ നിന്നാണ് 2.17 ഗ്രാം എം.ഡി.എം.എ, മെറ്റാംഫിറ്റമിൻ, 2.85 ഗ്രാം ഹാഷീഷ് ഓയിൽ എന്നിവയുമായി ഹരികൃഷ്ണനെ പിടികൂടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |