കൊച്ചി: ഡാർക്ക്നെറ്റ് ശൃംഖല വഴി അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ സജീവമായ ദമ്പതികളെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്‌തു. മൂവാറ്റുപുഴ സ്വദേശി എഡിസണിന്റെ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഡിയോൾ, ഭാര്യ അഞ്ജു എന്നിവർ കുടുങ്ങിയത്. എഡിസണുമായി ഇവർക്ക് ബന്ധമില്ലെന്നാണ് സൂചന.
വാഗമണ്ണിൽ നിന്നാണ് തോട്ടമുടമകളായ ദമ്പതികളെ പിടികൂടിയത്. പാഴ്‌സലുകൾ വഴി ഇറക്കുമതി ചെയ്യുന്ന കെറ്റമിൻ എന്ന മയക്കുമരുന്ന് ചെറിയ ഭാഗങ്ങളാക്കി ഇവർ ഓസ്ട്രേലിയയിലേക്ക് അയച്ചിരുന്നതായാണ് പ്രാഥമികവിവരം. രണ്ടു വർഷമായി ഇടപാട് നടത്തിയിരുന്നു. ഇവരുടെ ലാപ്ടോപ്പ് ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ സൈബർ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.
അതേസമയം, എൻ.സി.ബി തകർത്ത കെറ്റാമെലോൺ എന്ന ഡാർക്ക്നെറ്റിന് പുറമെ മറ്റ് സംഘങ്ങളുമായും എഡിസണിനും സഹായിയും സുഹൃത്തുമായ അരുൺ തോമസിനും ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഒന്നിലേറെ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ലോകത്തെ വമ്പൻ രാസമയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെടാതെ വിപുലമായ വ്യാപാരം നടത്താൻ കഴിയില്ലെന്നാണ് അധികൃതർ കരുതുന്നത്. ഇയാളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പരിശോധന തുടരുന്നു. ഇവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന ഇവരെ കസ്‌റ്റഡിയിൽ വാങ്ങാനും നടപടി ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |