
ചെന്നൈ: പിതാവിനെ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചുകൊന്നു. ചെന്നൈ എക്കാട്ടുതങ്ങൾ സ്വദേശിയായ ബാലസുബ്രമണിയാണ് മകന്റെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ 22കാരനായ ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോലിയില്ല എന്ന പേരിൽ പിതാവിന്റെ കളിയാക്കൽ സഹിക്ക വയ്യാതെയാണ് ജബരീഷ് കൃത്യം നിർവഹിച്ചത് എന്നാണ് പൊലീസ് അറിയിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബാലസുബ്രമണി മദ്യപിച്ചെത്തി തൊഴിൽ രഹിതനായ മകനെ കളിയാക്കുന്നത് പതിവായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയിട്ടും ജോലി സമ്പാദിക്കാനാകാത്ത പേരിൽ സംഭവദിവസവും ബാലസുബ്രമണി മകനെ കളിയാക്കി. പിന്നാലെ തർക്കം ഉടലെടുക്കുകയും ജബരീഷ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് പിതാവിനെ മർദ്ദിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ടും ഇയാൾ പിതാവിനെ മർദ്ദിച്ചതായാണ് വിവരം. അമ്മയും സഹോദരിയും ജബരീഷിനെ തടയാൻ ശ്രമിച്ചെങ്കിലും മർദ്ദനം തുടർന്നു. തലയ്ക്കടിയേറ്റ് ബോധരഹിതനായി വീണ ബാലസുബ്രമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ജബരീഷ് വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് വർഷം മുൻപ് കോളേജ് പഠനം പൂർത്തിയാക്കിയ യുവാവ് അക്കാലം മുതൽ ജോലി അന്വേഷിച്ചുവരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |