ലക്നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. മൃതദേഹം വെട്ടിനുറുക്കി കോൺക്രീറ്റ് നിറച്ച ഡ്രമ്മിൽ ഇട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മുസ്കാൻ റസ്തോഗി (27) എന്ന യുവതിയെയും കാമുകൻ സാഹിലിനെയും (25) അറസ്റ്റ് ചെയ്തു. മാർച്ച് നാലിനാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുത്തിനെ(29) കാണാതാകുന്നത്. കൊലപാതത്തിന് ശേഷം യുവതിയും കാമുകനും ഹിൽസ്റ്റേഷനിൽ അവധി ആഘോഷിക്കാൻ പോയെന്നും പൊലീസ് പറഞ്ഞു.
കൊലപാതക ശേഷം ഭർത്താവിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് സന്ദേശം അയക്കുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിടുകയും ചെയ്ത് യുവതി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ദിവസങ്ങളായി സൗരഭ് വീട്ടിൽ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മുസ്കാൻ കുറ്റം സമ്മതിച്ചു. മൃതദേഹം കണ്ടെത്തി പൊലീസ് പോസ്റ്റ‌്മോർട്ടത്തിന് അയച്ചു. കൊലപാതകം കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. സിമന്റ് പൊട്ടിക്കാൻ കഴിയാത്തതിനാൽ ശരീരഭാഗം അടങ്ങിയ ഡ്രം ആശുപത്രിയിലേക്ക് മാറ്റി. ഡ്രിൽ മെഷീൻ ഉപയോഗിച്ചാണ് സിമന്റിൽ നിന്ന് ശരീരഭാഗം വേർതിരിച്ച് എടുത്തത്.
2016ലാണ് സൗരഭിന്റെയും മുസ്കാൻ റസ്തോഗിയുടെയും വിവാഹം നടന്നത്. ഇത് പ്രണയവിവാഹമായിരുന്നു. ഇവരുടെ വിവാഹം കുടുംബാംഗങ്ങൾ അംഗീകരിച്ചിരുന്നില്ല. തുടർന്ന് സൗരഭും മുസ്കാനും വാടവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകൾ ഉണ്ട്. ഇതിനിടെയാണ് യുവതി സാഹിലുമായി പ്രണയത്തിലാകുന്നത്. മകളുടെ പിറന്നാളിന് സൗരഭ് എത്തിയപ്പോഴാണ് മുസ്കാനും കാമുകനും ഉറക്കഗുളിക ചേർത്ത ഭക്ഷണം നൽകിയത്. ബോധരഹിതനായപ്പോൾ കുളിമുറിയിലേക്ക് കൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് 15 കഷ്ണങ്ങളാക്കി ഡ്രമ്മിൽ ഇട്ട് കോൺക്രീറ്റിട്ട് മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |