
കോഴിക്കോട്: മിംസ് ഹോസ്പിറ്റലിനടുത്തുള്ള മര്‍ഹബ ലോഡ്ജില്‍ നിന്ന് മെഡിക്കല്‍ കോളേജ് പൊലീസും കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടി കൂടി. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പയ്യടിത്താഴത്ത് നടത്തിയ പരിശോധനയില്‍ മൂന്നു പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 8.32 ഗ്രാമോളാം എം.ഡി.എം.എ പിടി കൂടി.
കല്ലാച്ചി വാണിമേല്‍ താഴെ ചെലങ്കണ്ടി വീട്ടില്‍ ഷംസീറാണ് (36) മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. 17 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്ത് ആറു മാസം മുമ്പ് നാട്ടിലെത്തിയ ഇയാള്‍ പാലാഴിയിലെ ഭാര്യവീട്ടിലാണ് താമസം. ബംഗളൂരു, ഗോവ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് സ്വകാര്യ ലോഡ്ജുകളില്‍ മുറിയെടുത്ത് ചെറുകിട മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ എം.ഡി.എം.എ മൊത്തമായി എത്തിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചന ലഭിച്ചു. ലഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇയാള്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു.

സംഘത്തില്‍ വിമുക്ത ഭടനും
പന്തീരാങ്കാവ് പയ്യടിത്താഴത്തെ വാടക വീട്ടില്‍ വച്ച് നല്ലളം ജയന്തി റോഡ് സ്വദേശി അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് ഷാഫി (26), വിമുക്തഭടനും തൊട്ടില്‍പ്പാലം കുണ്ടുത്തോട് സ്വദേശിയുമായ ഒറ്റപ്പിലാവുള്ളതില്‍ വീട്ടില്‍ സിഗിന്‍ ചന്ദ്രന്‍ (36), മോഡലും ബ്യൂട്ടീഷനും കുറ്റ്യാടി മൊയിലോത്തറ സ്വദേശിനിയുമായ കോയിലോത്തുംതറ വീട്ടില്‍ ദിവ്യ (35) എന്നിവരെയാണ് പന്തിരാങ്കാവ് പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സഫ് സംഘവും ചേര്‍ന്ന് പിടി കൂടിയത്. 15 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സിഗിന്‍ ചന്ദ്രന്‍ മുഹമ്മദ് ഷാഫിയുമായി സൗഹൃദത്തിലായി.. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പിനാണെന്ന് പറഞ്ഞ് ആറു മാസം മുമ്പ് വീട് വാടകയ്‌ക്കെടുത്താണ് കച്ചവടം. കോഴിക്കോട് ജില്ലയിലെ വിവിധ മാളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍ക്കുന്നവരാണിവര്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |