
ഉപ്പുതറ: യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനി സുബിനാണ് (38) മരിച്ചത്. സുബിൻ (രതീഷ് 43) ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. ഇന്ന് വൈകിട്ടോടെയാണ് രജനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റ് മരിച്ചെന്നാണ് കരുതുന്നത്. മത്തായിപാറയിലെ ഓട്ടോറിക്ഷ ഡ്രൈവറായ സുബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തി വരികയാണ്. സുബിനും ഭാര്യ രജനിയുമായി കുടുംബ കലഹം പതിവായിരുന്നു. ഇത് സംബന്ധിച്ച് പലതവണ പൊലീസ് കേസും ഉണ്ടായിട്ടുണ്ട്.
ഒരു മാസം മുമ്പാണ് ഇവർ ഈ വീട്ടിൽ വീണ്ടും ഒരുമിച്ച് താമസമാക്കിയത്. ഇളയ മകൻ സ്‌കൂളിൽ നിന്ന് വന്നപ്പോൾ രജനി അനക്കം ഇല്ലാതെ കിടക്കുന്നതു കണ്ടു. മകൻ, പഞ്ചായത്ത് അംഗം ബിജു ചെബ്ലാവനെ അറിയിച്ചു. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ രജനി തലയ്ക്ക് പരുക്കേറ്റ് മരിച്ചതായി കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പിൽ നിന്ന് സുബിൻ ബസിൽ കയറി പോയതായി കണ്ടവരുണ്ട്. സുബിനും രജനിക്കും മൂന്നു മക്കളാണ്. രേവതി ഡിഗ്രി വിദ്യാർത്ഥിനി, രതിൻ പ്ലസ് ടു, രാജീവ് 10ാം ക്ലാസ് വിദ്യാർത്ഥി. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി യൂനസ്, പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസൺ, ഉപ്പുതറ സി.ഐ എ. ഫൈസൽ, എസ്.ഐ കെ.പി. സജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |