
അന്തിക്കാട് : ഉപയോഗിക്കാൻ കൊടുത്ത ബൈക്ക് തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ വടിവാളു കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അന്തിക്കാട് സ്വദേശി ഹിരത്തിനെയാണ് (25) അന്തിക്കാട് പൊലീസ് പിടികൂടിയത്. നാല് വധശ്രമക്കേസുകളിലെ പ്രതിയാണിയാൾ. ആക്രമണത്തിൽ പടിയം ഓട്ടുപുരയ്ക്കൽ വീട്ടിൽ അക്ഷയിനാണ് (30) പരിക്കേറ്റത്. ഈ മാസം ഒന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു ആക്രമണം. അക്ഷയിന്റെ പിതാവിന്റെ പേരിലുള്ള ബൈക്ക് പ്രതിയായ ഹിരത്ത് ഉപയോഗിക്കാനായി വാങ്ങിയിരുന്നു. ഈ ബൈക്ക് പിന്നീട് തിരികെ ചോദിച്ചുകൊണ്ട് അക്ഷയ് ഹിരത്തിന്റെ വീട്ടിലെത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ പ്രതി വടിവാൾ വീശി അക്ഷയിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ കേസെടുത്ത അന്തിക്കാട് പൊലീസ് പ്രതിയായ
ഹിരത്തിനെ പിടികൂടുകയായിരുന്നു. അന്തിക്കാട്, വലപ്പാട്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസും ഒരു അടിപിടി കേസും വിൽപ്പനയ്ക്കായി രണ്ട് കിലോ കഞ്ചാവ് സൂക്ഷിച്ചതിന് ഒരു കേസും അടക്കം എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് എസ്.ഐ: അഫ്‌സൽ, സിവിൽ പൊലീസ് ഓഫീസർമാരായ ഹസീബ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |