
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ കരുപ്പൂര് വില്ലേജ് ഓഫീസിൽ,വിജിലൻസ് ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വരവിൽ കഴിഞ്ഞ 12,000 രൂപയും ഒരു ഫയലിനുള്ളിൽ നിന്ന് മദ്യമടങ്ങുന്ന കുപ്പിയും കണ്ടെടുത്തു.കൈക്കൂലി സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മദ്യവും പണവും പിടികൂടിയത്.
ഇന്നലെ വൈകിട്ട് 3ഓടെ കുഞ്ചാലുംമൂട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഇൻസ്പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.വിജിലൻസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ വില്ലേജോഫീസർ പ്രദീപ് കുമാറും അഞ്ച് ജീവനക്കാരും ഹാജരുണ്ടായിരുന്നു.സ്റ്റോർ റൂമിലെ അലമാരയ്ക്കുള്ളിൽ ഒരു ഫയൽ പരിശോധിക്കുന്നതിനിടയിലാണ് ഫയലിനുള്ളിൽ പൊതിഞ്ഞ നിലയിൽ മദ്യമടങ്ങിയ കുപ്പി കണ്ടത്.ആരോ പാരിതോഷികമായി നൽകിയതാകാമെന്നാണ് സംശയിക്കുന്നത്. അടുക്കള ഭാഗത്തെ മേശ വലിപ്പിൽ നിന്നാണ് കണക്കിൽപ്പെടാതെ 12,000 രൂപ പിടിച്ചെടുത്തത്.ഏഴു പേരടങ്ങിയ വിജിലൻസ് ടീം രാത്രി വൈകിയും പരിശോധന തുടർന്നു.വിജിലൻസ് ഡയറക്ടർക്ക് ഇന്നുതന്നെ റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |