
കൊടുങ്ങല്ലൂർ : വാട്ടർ അതോറിറ്റിയുടെ മെയിൻ ലൈനിൽ നിന്നും ശുദ്ധജലം ഊറ്റിയെടുത്ത സംഭവത്തിൽ സ്ഥലയുടമയ്ക്ക് പിഴ. വി.പി.തുരുത്ത് സ്വദേശിക്ക് എതിരെയാണ് വാട്ടർ അതോറിറ്റി 1.36 ലക്ഷം പിഴ ചുമത്തിയത്. ഇതു സംബന്ധിച്ചുള്ള നോട്ടീസ് അധികൃതർ ഉടമയ്ക്ക് നൽകി. ഇത്രയും വലിയ പിഴ അടയ്ക്കാൻ കഴിയില്ലെന്നും കേസുമായി പൊയ്‌ക്കൊള്ളാമെന്നും ഇയാൾ പറഞ്ഞതായി വാട്ടർ അതോറിറ്റി അസി. എൻജീനിയർ അറിയിച്ചു.
വാട്ടർ അതോറിറ്റി കൊടുങ്ങല്ലൂർ പൊലീസിലും പരാതി നൽകി. അനധികൃതമായി വെള്ളം ചോർത്തിയെടുത്ത് പുഴ മണൽ കഴുകാൻ ഉപയോഗിക്കുന്നത് ഇക്കഴിഞ്ഞ ദിവസമാണ് വാട്ടർ അതോറിറ്റി അധികൃതർ പരിശോധനയിൽ കണ്ടെത്തിയത്. വി.പി തുരുത്തിൽ ജലദൗർലഭ്യവും ഉപ്പുവെള്ളം കുടിവെള്ള പൈപ്പിലൂടെ വരുന്നതായുള്ള പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസമാണ് ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തിയത്. പുരയിടത്തിൽ നിർമ്മിച്ചിട്ടുള്ള ഏകദേശം 80,000 ലിറ്റർ കപ്പാസിറ്റിയുള്ള കുളത്തിലേക്ക് വാട്ടർ അതോറിറ്റിയുടെ 75 എം.എം പൈപ്പ്‌ലൈനിൽ നിന്ന് കണക്‌ഷൻ എടുത്തിരിക്കുന്നതായാണ് കണ്ടെത്തൽ. ഈ ജലം ഉപയോഗിച്ച് പുഴയിൽ നിന്നും വാരുന്ന ഉപ്പു മണൽകഴുകി വൃത്തിയാക്കി വിൽക്കുന്നതായി പരിസരവാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് ഇയാളുടെ പിതാവിന്റെ പേരിലുള്ള കണക്‌ഷൻ വിഛേദിക്കുകയും പിഴ ഈടാക്കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |