
കൊച്ചി: ലിവ് ഇൻ റിലേഷൻ പങ്കാളിയായ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർ നടപടികൾ അവസാനിപ്പിച്ചു.
കോടതിയിൽ ഹാജരായ യുവതി ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണ് താൽപര്യമെന്നും അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായ മലപ്പുറം സ്വദേശികളായ ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ജനുവരി 27ന് ഇരുവരും വീടുവിട്ടു.
എന്നാൽ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതോടെ ഇവർ എറണാകുളത്തേക്ക് താമസം മാറി. എന്നാൽ മേയ് 30ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നാണ് സുമയ്യ നൽകിയ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |