
തൃശൂർ: തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 18 മണിക്കൂറിനുള്ളിൽ നടന്ന മൂന്ന് മോഷണങ്ങളിൽ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കളെ മുംബയിൽ നിന്ന് പിടികൂടി. തിരുനെൽവേലി സ്വദേശി ജയകുമാർ, നാഗാർകോവിൽ സ്വദേശി സെൽവൻ (മദൻ) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കവർച്ച, പിടിച്ചുപറി തുടങ്ങി 20ലധികം ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഈ മാസം ആറാം തീയതിയാണ് സംഭവങ്ങൾ അരങ്ങേറിയത്. വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിലനിൽക്കുന്ന ജില്ലാ കോടതി വനിതാ അഭിഭാഷകയുടെ കഴുത്തിൽ കിടന്നിരുന്ന നാലരപ്പവൻ തൂക്കംവരുന്ന സ്വർണമാല, പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാർ തട്ടി കൊണ്ടുപോകൽ, തിരുവനന്തപുരത്ത് നിന്ന് ബുള്ളറ്റ് എന്നിവ മോഷ്ടിച്ച കേസുകളിലെ പ്രതികളെയാണ് സിറ്റി പൊലീസ് മുംബൈയിൽ വച്ച് സാഹസികമായി പിടികൂടിയത്. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞും സി.സി.ടിവി ക്യാമറകൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മണ്ണുത്തി ദേശീയപാതയിൽ കാറിലിരുന്ന് വിശ്രമിക്കുകയായിരുന്ന മുൻ സർക്കാർ ഉദ്യോഗസ്ഥനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കാർ തട്ടിയെടുത്തത്. തിരുവനന്തപുരത്തെ ഒരു എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റേതാണ് ബുള്ളറ്റ്. മൂന്നു പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശൂർ സിറ്റി സ്‌പെഷ്യൽ എ.സി.പി കെ.സി.സേതു, ഒല്ലൂർ എ.സി.പി തോമസ്, പീച്ചി സി.ഐ സാഗർ, എസ്.ഐ.റഷീദ് അലി, ജിനോ പീറ്റർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയൻ, പഴനി സ്വാമി, സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |