
ചിറ്റൂർ: തനിക്ക് നൽകാതെ കോഴിയിറച്ചി മുഴുവൻ കഴിച്ചതിന്റെ ദേഷ്യത്തിൽ അമ്മാവനെ മരുമകൻ പൈപ്പ് ഉപയോഗിച്ച് അടിച്ചുകൊന്നു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂർ ശെന്തിൽകുമാർ(45) ആണ് മരിച്ചത്.സംഭവത്തിൽ ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ(33) കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി.
പ്രഭാകരന് വഴുക്കല്ലിൽ തോട്ടത്തിൽ പശുവിനെ നോക്കുന്ന ജോലിയാണ്.ഞായറാഴ്ച രാത്രിയാണ് സംഭവം.അവിവാഹിതനായ ശെന്തിൽകുമാർ സഹോദരി ശാന്തിയുടെ കുടുംബത്തോടൊപ്പമാണ് താമസം.ശെന്തിൽകുമാറും ശാന്തിയുടെ മകൻ പ്രഭാകരനും ഒരുമിച്ച് മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.കറിവെച്ച കോഴിയിറച്ചി ശെന്തിൽകുമാർ ഉച്ചയ്ക്ക് മുഴുവനും കഴിച്ചിരുന്നു.ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിനിടെ പ്രഭാകരൻ കുഴൽക്കിണറിൽ ഉപയോഗിക്കുന്ന കട്ടികൂടിയ പി.വി.സി പൈപ്പ് എടുത്ത് ശെന്തിൽകുമാറിന്റെ കഴുത്തിന് അടിക്കുകയായിരുന്നു.
പരിക്കേറ്റ് അവശനായ ശെന്തിൽകുമാറിനെ വീട്ടുകാർ വേലന്താവളത്തും കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്നപ്രഭാകരനെ കൊഴിഞ്ഞാമ്പാറ പൊലീസ് വേലന്താവളം വഴുക്കല്ലിൽ നിന്നും തിങ്കളാഴ്ച രാവിലെ പിടികൂടുകയായിരുന്നു.ചിറ്റൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ശെന്തിൽ കുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി.തുടർന്ന് സംസ്‌കാരവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |