വെന്റിലേറ്റർസ്റ്റാൻഡ് ഊരി തലയ്ക്കടിച്ചു
കൊല്ലം: കൊല്ലം ജില്ല ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിനു ഗുരുതര പരിക്ക്. കുരീപ്പുഴ തുണ്ടിൽ വീട്ടിൽ സുരേഷ് ബാബുവിനാണ് (52) പരിക്കേറ്റത്. സംഭവത്തിൽ ചവറ സ്വദേശി സെബാസ്റ്റ്യനെതിരെ(64) കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും കഴുത്തിനും പരിക്കേറ്റ സുരേഷ് ബാബു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ 5ന് ന്യൂ ഐ.സി.യുവിലായിരുന്നു സംഭവം. ഐ.സി.യുവിലെ ഒന്നാം കിടക്കയിലെ രോഗിയുടെ യൂറിൻ ബാഗിൽ നിന്ന് യൂറിൻ നീക്കുകയായിരുന്നു സുരേഷ് ബാബു. ഇതിനിടെ മൂന്നാമത്തെ കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സുരേഷ് ബാബു ചാടിയെഴുന്നേറ്റ് വെന്റിലേറ്റർ സംവിധാനത്തിന്റെ സ്റ്റാൻഡ് ഊരി സുരേഷ്ബാബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരിഞ്ഞുനോക്കുന്നതിനിടെ വീണ്ടും അടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാർ ചേർന്ന് സെബാസ്റ്റ്യനെ പിന്തിരിപ്പിച്ചു.
സുരേഷ് ബാബുവിന്റെ നെറ്റിയിൽ മൂന്നും തലയുടെ പിൻഭാഗത്ത് ഏഴ് തുന്നലുമുണ്ട്. കഴുത്തിലെ എല്ലിന് പൊട്ടലുമുണ്ട്. ജില്ലാ ആശുപത്രിയിൽ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാൻക്രിയാസ് സംബന്ധമായ രോഗത്തെത്തുടർന്നാണ് സെബാസ്റ്റ്യൻ ആശുപത്രിയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |