തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയെ പൊലീസ് പിടികൂടി. തിരുമല പുന്നയ്‌ക്കാമുകൾ പ്ലാവിള വീട്ടിൽ ബോഗൻ എന്ന ആകാശിനെയാണ് (21) ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തത്. ഇക്കഴിഞ്ഞ 10ന് രാത്രിയിലാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
2020 ഡിസംബറിൽ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ മോഷണശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ് മലയിൻകീഴ് വിളവൂർക്കൽ സ്വദേശി ദീപു എന്ന യുവാവ് കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്നവർ തമിഴ്നാട്ടിൽ ജയിലിലാവുകയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ട ദീപുവും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം അന്ന് ഓടിച്ചിരുന്നത് മുഹമ്മദലിയായിരുന്നു. ദീപുവിന്റെ കൊലപാതകത്തിൽ മുഹമ്മദലിക്ക് പങ്കുണ്ടെന്ന വിരോധത്തിലാണ് ദീപുവിന്റെ സുഹൃത്തുക്കളായ പ്രതികൾ നാലുപേരും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി ആകാശ് പൂജപ്പുരയിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റുചെയ്തത്. ഈ കേസിലെ ഒന്നാം പ്രതി കോളിയൂർ സ്വദേശി അജിത്തിനെ (22) നേരത്തെ ചെന്നൈയിൽ നിന്ന് അറസ്റ്റുചെയ്‌തിരുന്നു. പിടിയിലായ ആകാശിന് പൂജപ്പുര, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |