ഭുവനേശ്വർ: ഓടുന്നവാനിൽ വച്ച് 21കാരിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡിൽ തള്ളി. ഒഡിഷയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയ ആറുപേർ ചേർന്നാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഉഡാല പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഉഡാല - ബാലാസോർ റോഡിൽ വച്ച് വെള്ളിയാഴ്ച വെെകിട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയിലാണ് പീഡനം നടന്നത്. പ്രതികളെല്ലാം സാറാത്ത് സ്വദേശികളാണെന്നാണ് വിവരം.
പ്രതികളിൽ രണ്ടുപേരെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ വർഷം ആദ്യം ഒരു ആഘോഷപരിപാടിക്കിടെയാണ് യുവതി ഇവരെ പരിചയപ്പെട്ടത്. പരസ്‌പരം മൊബെെൽ നമ്പറുകളും കെെമാറിയിരുന്നു. തുടർന്ന് സ്വകാര്യ കമ്പനിയിൽ യുവതിക്ക് ജോലി ശരിയാക്കി നൽകാമെന്ന് ഇരുവരും ഉറപ്പുനൽകി. ഇതിനുപിന്നാലെ നേരത്തെ പരിചയമുള്ള രണ്ടുപേരും ഇവർക്കൊപ്പം മറ്റ് നാലുപേരും വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവർ യുവതിയുടെ ജോലിയുടെ കാര്യത്തിനായി തങ്ങൾക്കൊപ്പം വരാൻ നിർബന്ധിച്ചു.
തുടർന്ന് വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആറുപേരും ബലാത്സംഗം ചെയ്തത്. യുവതി ബഹളം വച്ചതോടെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. യുവതി തന്നെയാണ് അമ്മയെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞത്. പിന്നാലെ അമ്മയെത്തി യുവതിയെ തിരികെകൊണ്ടുപോവുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |