ടൂറിസ്റ്റ് വാഹനങ്ങൾ, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിംഗിലെ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുത്തു.
മലപ്പുറം പടപ്പറമ്പ് റൂട്ടിൽ ദീർഘകാലമായി നികുതി അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. നികുതിയിനത്തിൽ 2,28,908 രൂപ ഈടാക്കി.
തിരൂർ തെയ്യാല റൂട്ടിലും തിരൂർ കോഴിക്കോട് റൂട്ടിലും പെർമിറ്റില്ലാതെ സർവീസ് നടത്തിയ രണ്ട് പ്രൈവറ്റ് ബസുകൾ മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിൽ നിറുത്തി വയ്പ്പിച്ചു. പിഴയീടക്കാൻ നോട്ടീസ് നൽകി.
മോട്ടോർ ക്യാബുകളിലും കോൺട്രാക്ട് കാര്യേജ് ബസുകളിലും നടത്തിയ പരിശോധനകളിൽ ഫിറ്റ്നസ് ഇല്ലാത്ത 8 വാഹനങ്ങൾ, ഇൻഷ്വറൻസ് ഇല്ലാത്ത 12 വാഹനങ്ങൾ, നികുതി അടക്കാത്ത 21 വാഹനങ്ങൾ, പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ അഞ്ച് വാഹനങ്ങൾ എന്നിവയിൽ നിന്നായി 1,86,000 രൂപ പിഴ ഈടാക്കി.
മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ രണ്ടു കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.
മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അരുൺ, അസൈനാർ, പ്രമോദ് ശങ്കർ, ബിനോയ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സലീഷ്, മനോഹരൻ, രാജേഷ്, അജീഷ്, അബ്ദുൾ കരീം,ഷൂജ മാട്ടട,വിഷ്ണു വിജയ്, അബിൻ ചാക്കോ, വിജീഷ്, പ്രേംകുമാർ, മനോഹരൻ എന്നിവർ നേതൃത്വം നൽകി. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |