ഫറോക്ക്: സംസ്ഥാന വിവരാവകാശ കമ്മിഷണർമാർ ഫറോക്ക് നഗരസഭ ഓഫീസിൽ മിന്നൽ പരിശോധന നടത്തി. വിവരാവകാശ കമ്മിഷണർമാരായ ടി.കെ.രാമകൃഷ്ണൻ, അബ്ദുൾ ഹക്കിം എന്നിവർ സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഉദ്യോഗസ്ഥർ രേഖകളിൽ തിരുത്തലുകൾ വരുത്തിയതായും കൃത്രിമം കാണിച്ചതായും കണ്ടെത്തി. വിവരാവകാശ അപേക്ഷകരെ ശിക്ഷിക്കാനും വിലക്കാനും ശ്രമം നടന്നതായി കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് എന്തൊക്കെയോ മറച്ചു വയ്ക്കാൻ താത്പര്യം കാട്ടുന്നുവെന്നും കമ്മിഷണർമാർ വിലയിരുത്തി. ഫയലുകളുടെ കാറ്റലോഗും ഇന്റക്സും ഇല്ല, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരായ മൂന്ന് പേരെ നിയമിച്ചിട്ടില്ല. ആർ.ടി.ഐ നിയമം വകുപ്പ് 4 പ്രകാരം പ്രസിദ്ധീകരിക്കേണ്ട വിവരങ്ങൾ 20 കൊല്ലമായിട്ടും നഗരസഭാ സൈറ്റിൽ ചേർത്തിട്ടില്ല, പൗരാവകാശ രേഖ 2020ന് ശേഷം പരിഷ്‌കരിക്കുകയോ സൈറ്റിൽ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല, ഉത്തരവുകൾ, അറിയിപ്പുകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നില്ല, പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാതെ ലഭ്യമാക്കേണ്ടുന്ന വിവരങ്ങൾ നൽകുന്നില്ല, അപേക്ഷ സമർപ്പിക്കുന്നവർക്കും കൃത്യമായ മറുപടി നൽകുന്നില്ല തുടങ്ങി ഗുരുതര വീഴ്ചകളാണ് നഗരസഭയുടെ ഭാഗത്ത് കണ്ടെത്തിയിട്ടുള്ളത്.
വീഴ്ചകൾ പരിഹരിച്ച് രേഖകൾ ക്രമപ്പെടുത്താൻ സെക്രട്ടറി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിച്ചതായും വിവരാവകാശ കമ്മിഷണർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |