പെരിന്തൽമണ്ണ: ബൈക്ക് യാത്രികനെ ആക്രമിച്ച് പെരിന്തൽമണ്ണയിൽ ആറ്ലക്ഷം കവർച്ച ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ആനമങ്ങാട് പരിയാപുരം സ്വദേശി കൊളച്ചാലിൽ ഷെഫീഖിനെയാണ് (34) പെരിന്തൽമണ്ണ എസ്.ഐ ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസിൽ കവർച്ചയുടെ മുഖ്യസൂത്രധാരനടക്കം ആറു പേരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരൻ വീട്ടിൽ നിന്ന് ബൈക്കിൽ പുറപ്പെടുന്ന വിവരം കവർച്ചാസംഘത്തിന് കൃത്യമായി കൈമാറിയത് ഷഫീഖായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിലാണ് ഷഫീഖിന്റെ പങ്ക് വ്യക്തമായത്. ഇതോടെ ഈ കേസിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും കവർച്ചമുതൽ കണ്ടെടുത്ത് കൂടുതൽ അന്വേഷണത്തിനും കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി കെ.കെ.സജീവ്, ഇൻസ്പെക്ടർ എം.എസ്.രാജീവ്, എസ്.ഐ.ഷിജോ.സി.തങ്കച്ചൻ, എസ്.സി.പി.ഒമാരായ സജി, മിഥുൻ, സജീർ, കൃഷ്ണപ്രസാദ് എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |