അടൂർ: പൊതുനിരത്തിൽ മദ്യപിച്ച് അക്രമംകാട്ടുന്നതറിഞ്ഞെത്തിയ പൊലീസിനെ അക്രമിച്ച കേസിൽ നാല് പേരെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. വയല അറുകാലിക്കൽ പടിഞ്ഞാറ് മുഖത്തല വീട്ടിൽ ഹരി (22), അറുകാലിക്കൽ പടിഞ്ഞാറ് സ്വദേശികളായ അമൽ നിവാസിൽ വി.അമൽ(24), പുത്തൻവീട്ടിൽ അനന്ദു കൃഷ്ണൻ(24), ശ്രീനിലയം വീട്ടിൽ ദീപു (24), എന്നിവരാണ് പിടിയിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി 7.30 ന് ഏഴംകുളം ഭാഗത്താണ് യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ പിരിച്ചുവിട്ടു. തിരികെ വരും വഴി ഏഴംകുളം ബാറിന് സമീപം പ്രതികൾ വീണ്ടും നാട്ടുകാരുമായി സംഘർഷം ഉണ്ടാകുന്നത് കണ്ട് സ്ഥലത്തിറങ്ങിയ പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കല്ലെറിയുകയുമായിരുന്നു. സിവിൽ പൊലീസ് ഓഫീസർ സന്ദീപ്, അൻസാജു എന്നിവർക്ക് പരിക്കേറ്റു. സന്ദീപിനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രതികൾ ആറുകാലിക്കൽ അമ്പലത്തിന് സമീപം വീണ്ടും എത്തി സംഘർഷം ഉണ്ടാക്കുന്നതറിഞ്ഞ് അടൂർ പൊലീസ് ഇൻസ്‌പെക്ടർ ആർ.രാജീവിൻറെ നേതൃത്വത്തിലെത്തി ഇവരെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. സബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത്.എം, അനൂപ്.എൽ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്. പ്രതികൾ പതിവായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നും നേരത്തെയും കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |