കൊച്ചി: മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന നെട്ടൂർ സ്വദേശിയെ 45ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് അറസ്റ്റുചെയ്തു. തൈക്കൂടം ഗ്രീൻടച്ച് ഹെൽത്ത് കെയർസ്പാ നടത്തുന്ന നെട്ടൂർ സ്വദേശി ചാത്തങ്കേരി പറമ്പിൽവീട്ടിൽ ഷബീക്കിനെയാണ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ ടെനിമോൻ നൽകിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.
എക്സൈസ് പറയുന്നത്: പിടിക്കപ്പെടുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ച് ഷബീക്ക് ഉന്മാദാവസ്ഥയിൽ ആയിരുന്നു. ഏറെനേരത്തെ ചോദ്യംചെയ്യലിന് ശേഷമാണ് സ്പായിൽ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മയക്കുമരുന്നിനെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്നാണ് ക്രിസ്റ്റൽരൂപത്തിലുള്ള 45ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. 2 ലക്ഷം രൂപയോളം ലാഭം ലഭിക്കുമെന്ന് പ്രതി പറഞ്ഞു.
ഈ മാസം എറണാകുളത്തെ വിവിധ മസാജ് പാർലറുകളിൽ സ്‌പെഷ്യൽ സ്‌ക്വാഡ് ടീം നടത്തിയ പരിശോധനയിൽ 150ഗ്രാം എം.ഡി.എം.എയും 5 പ്രതികളേയും ഒരു ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഹാരിസ്, പ്രിവന്റീവ് ഓഫീസർ ജെനിഷ്‌കുമാർ, സി.ഇ.ഒമാരായ മനോജ്, ശ്രീകുമാർ, ബദർ അലി, മേഘ എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |