കൊച്ചി: പാർക്കിംഗ് മേഖലയിൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരന് കാറിടിച്ച് പരിക്കേറ്റു. എറണാകുളം പാതാളം സ്വദേശി പി. ജയകൃഷ്ണനാണ് (35) പരിക്കേറ്റത്. വയറിനും കാലിനും പരിക്കേറ്റ ജയകൃഷ്ണൻ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എറണാകുളം എം.ജി റോഡ് കെ.പി.സി.സി ജംഗ്ഷന് സമീപത്തെ പാർക്കിംഗ് മേഖലയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ കാർ തിരിച്ചറിഞ്ഞു. കാറോടിച്ച യുവതിയെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. സ്വകാര്യപാർക്കിംഗ് മേഖലയോട് ചേർന്നുള്ള കെട്ടിടത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനാണ് ജയകൃഷ്ണൻ. തലേദിവസം തന്റെ പഴയ ജോലിസ്ഥലത്തെത്തിയ ഇയാൾ വാഹനങ്ങളുടെ പാർക്കിംഗ് മേഖലയിൽ കിടന്നുറങ്ങിപ്പോയി. രാവിലെ ഹെൽത്ത് ക്ലബ്ബിൽ എത്തിയതായിരുന്നു യുവതി. പതിവുപോലെ കാർപാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവതി തന്നെയാണ് ജയകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസഹനീയമായ വയറുവേദനയാണെന്ന് ജയകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ല. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. പാർക്കിംഗ് മേഖലയിലേക്ക് പോകുന്ന വഴിയരികിൽ കിടന്ന് ഉറങ്ങിയതും വെളിച്ചക്കുറവുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സി.സി.ടിവി ക്യാമറ പരിശോധിച്ചാണ് പൊലീസ് കാർ തിരിച്ചറിഞ്ഞത്. സഡൺ ബ്രേക്കിട്ട് കാർ നിറുത്തിയത് വൻഅപകടം ഒഴിവാക്കി. ഇയാൾ എന്തിനാണ് ഇവിടെ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |