തൃപ്രയാർ: തിരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ.എഫ്. പോളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് പരിശോധനയും പട്രോളിംഗും നടത്തിയത്.
കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ എല്ലാ മത്സ്യബന്ധന യാനങ്ങളും പരിശോധിച്ചു. അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി. വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നി ജോർജ്, പ്രിവന്റീവ് ഓഫീസർ സി. ഫൽഗുണൻ, എക്‌സൈസ് ഗാർഡുമാരായ ശശിധരൻ, ഗിരീഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിങ് വിഭാഗം ഓഫീസർ വി.എൻ. പ്രശാന്ത് കുമാർ, സീ റെസ്‌ക്യു ഗാർഡുമാരായ പ്രമോദ്, അജിത്, സ്രാങ്ക് റസാക്ക്, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കടലിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ടിൽ പരിശോധന നടത്തിയത്. ഏപ്രിൽ ആറ് മുതൽ തുടങ്ങിയ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് 29 വരെ തുടരും. സംശയകരമായ യാനങ്ങളോ ആളുകളേയോ കടലിൽ കണ്ടാൽ ഉടനെ ഫിഷറീസ് സ്റ്റേഷനിൽ അറിയിക്കുന്നതിന് മത്സ്യതൊഴിലാളികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |