വർക്കല: ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ് രണ്ട് വയസുകാരൻ മരിച്ച കേസിൽ അമ്മയ്ക്കും കാമുകനും തിരുവനന്തപുരം ജില്ലാ അഡിഷണൽ സെഷൻസ് (6) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഞെക്കാട് പോസ്റ്റ് ഓഫീസിന് സമീപം യു.എസ് നിവാസിൽ ഉത്തര (27) കാമുകൻ രജീഷ് (34) എന്നിവർ കുറ്റക്കാരാണെന്ന് കണ്ടാണ് ഇരുവർക്കും ജീവപര്യന്തവും 50,000 രൂപ പിഴയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ട് വർഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചത്. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. 2018 ഡിസംബർ 15നാണ് കൊല്ലം ചോഴിയകോട് സ്വദേശി മനുവിന്റെയും ഉത്തരയുടെയും മകൻ ഏകലവ്യൻ മരിച്ചത്. മനുവുമായി പിണങ്ങിയ ഉത്തര മകനെയും കൂട്ടി ചെറുന്നിയൂരിലെ വാടക വീട്ടിൽ കാമുകൻ രജീഷിനൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം ഛർദ്ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടിയെ വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകവെ നില വഷളായതിനെ തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ അന്നനാളം ചുരുങ്ങിയ നിലയിൽ കാണപ്പെട്ടതായും മരണ കാരണമായേക്കാവുന്ന 65 ഓളം ആന്തരിക മുറിവുകൾ ഉണ്ടെന്നുമുള്ള പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉത്തരയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് രജീഷ് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന വസ്തുത വെളിവാകുന്നത്. ഏകലവ്യനെ ഇല്ലാതാക്കുകയെന്ന രജീഷിന്റെ ഉദ്ദേശ്യത്തിന് ഉത്തരയുടെയും മൗനസമ്മതം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി വർക്കല സബ് ഇൻസ്‌പെക്ടർ ജി.പ്രൈജു, സി.ഐ വിനുകുമാർ എന്നിവർ കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്ഷ്യന് വേണ്ടി അഡ്വ.എ.ആർ.ഷാജി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |