തളിപ്പറമ്പ്: അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ ഇന്ന് എറണാകുളം സി.ബി.ഐ കോടതിയിൽ (മൂന്ന്) തുടങ്ങും. കേസിൽ ഉൾപ്പെട്ട 31 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്. ഒമ്പതു വരെയാണ് ആദ്യഘട്ട വിചാരണ.
കേസിൽ 21 സാക്ഷികളെയാണ് വിസ്തരിക്കുക. കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ട സി.പി.എം സംസ്ഥാനകമ്മിറ്റിയംഗങ്ങളായ 32ാം പ്രതി പി. ജയരാജനും 33ാം പ്രതി ടി.വി. രാജേഷിനുമെതിരെ കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്ന വകുപ്പിനു പുറമെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ സഹായത്തോടെ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാൽപാഷയാണ് ഇരുവർക്കുമെതിരെ കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി തുടരന്വേഷണത്തിന് സി.ബി.ഐക്ക് വിട്ടത്. അന്വേഷണത്തിനൊടുവിൽ 2019ൽ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
2012 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് രണ്ടിനും 2.30നുമിടയിലാണ് ചെറുകുന്ന് കീഴറ വള്ളുവൻകടവ് ചുള്ളിയോട് വയലിൽ എം.എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്. തലേദിവസം രാത്രി അരിയിലെ സി.പി.എം ഓഫീസിന് ചിലർ പച്ച പെയിന്റ് അടിച്ചിരുന്നു. ഇത് മുസ്ലിംലീഗ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ഇവിടേക്ക് പോകുകയായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, എം.എൽ.എയായിരുന്ന ടി.വി രാജേഷ്, തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. വാസുദേവൻ എന്നിവരെ തടഞ്ഞുനിർത്തി ഒരു സംഘം മുസ്ലിംലീഗ് പ്രവർത്തകർ ആക്രമിക്കുകയും പരിക്കേറ്റ നേതാക്കളെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. അന്ന് ഉച്ചയ്ക്ക് ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഷുക്കൂർ, പി. സക്കറിയ, പി.വി. അയൂബ്, പി. അബ്ദുൾസലാം, എൻ.കെ. ഹാരിസ് എന്നിവരെ കീഴറയിൽ വച്ച് സി.പി.എം പ്രവർത്തകർ പിടികൂടി. ക്രിക്കറ്റ് കളിക്കിടയിൽ പരിക്കേറ്റ സക്കറിയക്ക് ചികിത്സ തേടിയാണ് പോയതെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ തങ്ങളുടെ നേതാക്കളെ ആക്രമിക്കുന്നതിനിടെ പറ്റിയ പരിക്കിന് ചികിത്സ തേടിയാണ് പോയതെന്നായിരുന്നു സി.പി.എം ആരോപണം. പിടികൂടിയ അബ്ദുൾസലാം, ഹാരിസ് എന്നിവരെ വിട്ടയച്ച ശേഷം ബാക്കി മൂന്നുപേരെ സമീപത്തെ വീട്ടിൽ തടഞ്ഞുവച്ച് വെട്ടുകയും കുത്തുകയും ചെയ്തുവെന്നും ഷൂക്കൂർ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നും പരിക്കേറ്റ അയൂബ്, സക്കറിയ എന്നിവരെ സ്ഥലത്തെത്തിയ കണ്ണപുരം അഡീഷണൽ എസ്.ഐ നാരായണന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |