ആലപ്പുഴ: മോഷണസ്വർണം വാങ്ങി വിറ്റുവെന്നാരോപിച്ച് കടുത്തുരുത്തി പൊലീസ് പിടികൂടിയ സ്വർണ വ്യാപാരി മണ്ണഞ്ചേരി പൊന്നാട് പണിക്കാപ്പറമ്പിൽ രാധാകൃഷ്ണൻ കസ്റ്റഡിയിലിരിക്കെ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച്. കസ്റ്റഡിയിലും തെളിവെടുപ്പിലും പ്രാഥമികമായി പാലിക്കേണ്ട കാര്യങ്ങളിലുണ്ടായ അശ്രദ്ധയാണ് രാധാകൃഷ്ണന്റെ മരണത്തിനിടയാക്കിയതെന്നാണ് കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ നിഗമനം. രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകുമ്പോൾ മുതൽ തെളിവെടുപ്പ് സമയത്തുവരെയുള്ള കാര്യങ്ങളിലുണ്ടായ പിഴവുകളാണ് സേനയ്ക്ക് പേരുദോഷമായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് വൈകിട്ടാണ് രാധാകൃഷ്ണനെ കടുത്തുരുത്തി പൊലീസ് പിടികൂടിയത്. സാധാരണ ഗതിയിൽ ജില്ലയ്ക്ക് പുറത്തുനിന്ന് പൊലീസെത്തി ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ അവരുടെ താമസസ്ഥലമുൾപ്പെടുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയും ലോക്കൽ പൊലീസിന്റെ സഹായം തേടുകയുമാണ് പതിവ്. എന്നാൽ, മഫ്റ്റിയിലെത്തിയ രണ്ട് പൊലീസുകാർ ലോക്കൽ സ്റ്റേഷനിൽ അറിയിക്കാതെ രാധാകൃഷ്ണനെ കടുത്തുരുത്തിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രി പത്തുമണിക്ക് കട അടയ്ക്കാറായിട്ടും കാണാതെ വന്നപ്പോൾ വീട്ടുകാർ ഫോണിൽ വിളിക്കുമ്പോഴാണ് കസ്റ്റഡി
വിവരം അറിയുന്നത്.അടുത്ത ദിവസം പുലർച്ചെ മകൻ രതീഷ് സ്റ്റേഷനിലെത്തിയെങ്കിലും രാധാകൃഷ്ണനെ കാണാൻ അനുവദിച്ചില്ല. നേരം പുലർന്ന് പത്തുമണിയോടെ എസ്.എച്ച്.ഒയെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുമ്പോഴാണ് രാധാകൃഷ്ണൻ കസ്റ്റഡിയിലാണെന്ന് വീട്ടുകാരറിഞ്ഞത്. കസ്റ്റഡി മെമ്മോ തയ്യാറാക്കുന്നതിലും കസ്റ്റഡിയിൽ കഴിയുന്നയാളുടെ വൈദ്യ പരിശോധനയിലും യഥാസമയം വീട്ടുകാരെവിവരം അറിയിക്കുന്നതിലും പൊലീസിന് വീഴ്ച പറ്റി.
നേരിട്ടത് ക്രൂരമർദ്ദനം
തെളിവെടുപ്പിനായി രാധാകൃഷ്ണനെ കടയിലെത്തിച്ച വിവരവും ലോക്കൽ പൊലീസിൽ നിന്ന് ഒളിച്ചുവച്ച കടുത്തുരുത്തി പൊലീസ്, ഇയാളെ ഇരുകവിളിലും അടിക്കുകയും കാലിൽ ചവിട്ടുകയും വയറിൽ തൊഴിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ശരീരത്തെ പരിക്കുകളും ഉരവുകളും കസ്റ്റഡി മർദ്ദനത്തിന്റെ ഭാഗമായുണ്ടായതാകാമെന്ന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കടയ്ക്കുളളിൽ മർദ്ദനമേറ്റ് വീണ രാധാകൃഷ്ണന്റെ മുഖത്തേക്ക് കുപ്പിയിലുണ്ടായിരുന്ന ഏതോ ദ്രാവകം ഒഴിക്കുകയും അബോധാവസ്ഥയിലായ ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തെളിവെടുപ്പിനിടെ രാധാകൃഷ്ണൻ സയനൈഡ് കഴിച്ചുജീവനൊടുക്കിയെന്ന് വരുത്താനാണ് കടുത്തുരുത്തി പൊലീസ് ശ്രമിച്ചത്.
തെളിവെടുപ്പ് ദൃശ്യങ്ങളില്ല
കവർച്ചാ കേസുകളുടെ തെളിവെടുപ്പും തൊണ്ടിമുതൽ കണ്ടെടുക്കലും സാധാരണ ഗതിയിൽ പൊലീസ് വീഡിയോയിൽ പകർത്താറുണ്ടെങ്കിലും രാധാകൃഷ്ണനെ കടയിലെത്തിച്ചത് മുതൽ അബോധാവസ്ഥയിലാകുംവരെ തെളിവെടുപ്പുമായി ബന്ധപ്പെട്ട ഫോട്ടോയോ വീഡിയോയോ പൊലീസിന്റെ പക്കലില്ല.
കസ്റ്റഡിയിലായിരുന്ന രാധാകൃഷ്ണനെ തെളിവെടുപ്പിന് എത്തിക്കുംമുമ്പ് അയാളുടെ പക്കൽ ഡയനൈഡോ, മറ്ര് വസ്തുക്കളോ ഉണ്ടായിരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും കടുത്തുരുത്തി പൊലീസ് പാലിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലുണ്ട്. എസ്.പി ഷൗക്കത്തലിക്കാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |