കിളിമാനൂർ: ഓൺലൈൻ തട്ടിപ്പിനിരയായി നാടുവിട്ട യുവതിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. കാട്ടുംപുറം അരിവാഴക്കുഴി ഷീബ സദനം വീട്ടിൽ പാർവതിയെയാണ് (29) തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് കണ്ടെത്തിയത്.
സംശയാസ്പദമായ രീതിയിൽ യുവതി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. വർക്കലയിൽ നിന്ന് ട്രെയിനിലാണ് തിരുവനന്തപുരത്തെത്തിയത്. ആത്മഹത്യയായിരുന്നു ലക്ഷ്യം.
ഈ സമയം യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ കിളിമാനൂർ പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്നലെ രാവിലെ ഫിസിയോ തെറാപ്പിക്കായി വീട്ടിൽ നിന്നുപോയ പാർവതിയെ വൈകിട്ടായിട്ടും കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്.
യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിപ്പ് സംഘം കൈക്കലാക്കിയതായാണ് വിവരം. ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും തന്റെ ടെലിഗ്രാം അക്കൗണ്ടിൽ നോക്കിയാൽ എല്ലാകാര്യവും അറിയാമെന്നും കത്തെഴുതി, മൊബൈൽ ഫോണും റൂമിൽ വച്ചശേഷമാണ് പാർവതി വീട് വീട്ടിറങ്ങിയത്.
ബന്ധുകൾ മൊബൈൽ പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസവും ഗൂഗിൾ പേ വഴി തുക അയച്ച് കൊടുത്തിട്ടുണ്ട്.
പൈസ അയച്ചു കൊടുത്ത ബാങ്ക് ഡീറ്റെയിൽസും മറ്റും കിളിമാനൂർ പൊലീസ് ശേഖരിച്ചു. ഉത്തരേന്ത്യയിലെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. എന്തിനാണ് ഇത്രയധികം തുക നൽകിയതെന്ന് ഉൾപ്പെടെ വ്യക്തമല്ല. പാർവതിയുടെ ഭർത്താവ് ഗൾഫിലാണ്. രണ്ട് മക്കളുണ്ട്. യുവതിയെ റെയിൽവേ പൊലീസ്,കിളിമാനൂർ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |