കോഴിക്കോട്: മുപ്പത്തൊമ്പത് വർഷത്തിനുശേഷം ഒരാളെ കൊന്നുവെന്ന് കുറ്റം ഏറ്റുപറഞ്ഞ് പ്രതി എത്തിയതോടെ കൊല്ലപ്പെട്ട ആളെ തെരഞ്ഞ് പൊലീസ്. 1986ൽ കോഴിക്കോടിന്റെ മലയോര പ്രദേശമായ കൂടരഞ്ഞിയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ അജ്ഞാതനെന്ന നിലയിൽ മറവുചെയ്തിരുന്നു.
അതു താൻ ചെയ്ത കൊലപാതകമാണെന്ന് പറഞ്ഞ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി ജൂൺ അഞ്ചിന് കീഴടങ്ങിയതോടെയാണ് പൊലീസിന്റെ നെട്ടോട്ടമായത്. മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് കീഴടങ്ങിയത്. 14ാം വയസിൽ അറിയാതെ പറ്റിയതാണ് കൊല. മൂത്തമകൻ മരിച്ചു. രണ്ടാമത്തെ മകൻ അപകടത്തിൽപെട്ടു. അതോടെ ഉറക്കം നഷ്ടപ്പെട്ടപ്പോഴാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്ന് മുഹമ്മദലിയുടെ കുറ്റസമ്മതം. സംഭവം നടന്നത് കൂടരഞ്ഞിയാലായതിനാൽ കേസ് മലപ്പുറത്ത് നിന്നു തിരുവമ്പാടി സ്റ്റേഷനിലെത്തി. സി.ഐ.കെ.പ്രജീഷിനാണ് അന്വേഷണ ചുമതല.
1986 നവംബർ അവസാനമാണ് സംഭവം. അന്ന് കൂടരഞ്ഞി സ്വദേശിയായ മുഹമ്മദലി അടുത്തുള്ള ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്ക് പോയതായിരുന്നു. അവിടെ ജോലിക്കെത്തിയതായിരുന്നു കൊല്ലപ്പെട്ട ആൾ. ഇടവേളയിൽ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ തോട്ടിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി മരിച്ചെന്ന് അറിഞ്ഞത്. അപസ്മാര രോഗിയായിരുന്ന ഒരാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരും പൊലീസും പറഞ്ഞത്. ബന്ധുക്കൾ ആരും എത്താതായതോടെ അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചു.
അതിനുശേഷം മുഹമ്മദലി വയനാട്ടിലും പിന്നീട് വേങ്ങരയിലും താമസമായി. ഇപ്പോൾ വേങ്ങരയിൽ കുടുംബസമേതം താമസിക്കുമ്പോഴാണ് മാനസിക പരിമുറുക്കം കാരണം കുറ്റം ഏറ്റുപറഞ്ഞത്. കഴിഞ്ഞ ദിവസം കൂടരഞ്ഞിയിലെത്തിച്ച് തെളിവെടുത്തു.
# അന്ന് ആന്റണി,
ഇപ്പോൾ മുഹമ്മദലി
# സംഭവം നടക്കുമ്പോൾ പതിനാലുകാരന്റെ പേര് ആന്റണിയെന്നായിരുന്നു. നാടുവിട്ട് വയനാട്ടിലെത്തി കുടുംബമായി ജീവിച്ചു. പിന്നീട് മലപ്പുറത്തെത്തി മതംമാറി മുഹമ്മദലിയായി. അവിടെ കുട്ടികളും കുടുംബവുമായി ജീവിക്കുമ്പോഴാണ് മാനസാന്തരം വന്ന് കൊലക്കുറ്റം ഏറ്റുപറഞ്ഞത്.
# മൃതദേഹം കണ്ടകാര്യം സ്ഥലം ഉടമ ദേവസ്യ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും പൊലീസിന് മൊഴികൊടുക്കുകയും
ചെയ്തതാണ് ഏക സൂചന. കാടു വെട്ടിത്തെളിക്കാനും മറ്റുമുള്ള ജോലി തേടി പലരും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നത് പതിവായിരുന്നു. അങ്ങനെവന്നയാൾ എന്നുമാത്രമേ ദേവസ്യക്ക് അറിയാവൂ. കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശിയാണെന്നും ഇരിട്ടി സ്വദേശിയാണെന്നും അഭ്യൂഹമുണ്ട്.
``വിവരങ്ങൾ ലഭ്യമാക്കാൻ കോഴിക്കോട് ആർ.ഡി.ഒ കോടതിയിലും പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് വിഭാഗത്തിലും അപേക്ഷ നൽകിയിട്ടുണ്ട്.``
-കെ.പ്രജീഷ്
തിരുവമ്പാടി സി.ഐ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |