കൊച്ചി: വയറ്റിൽ ഒളിപ്പിച്ച കൊക്കെയ്ൻ കാപ്‌സ്യൂളുകളുമായി കൊച്ചിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികൾക്ക് പിന്നിൽ കുപ്രസിദ്ധമായ ഗ്രഡ് കാർട്ടലുകളാണെന്ന് വ്യക്തമായെങ്കിലും, കേരളത്തിൽ ആർക്കു വേണ്ടി ലഹരി എത്തിച്ചെന്ന് കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായ ലൂക്കാസ്, ബ്രൂണ എന്നിവർക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശമനുസരിച്ച്, കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്തെ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.
കൊക്കെയ്ൻ ആർക്കാണ് നൽകേണ്ടതെന്നോ, ആ വ്യക്തി ആരാണെന്നോ തങ്ങൾക്ക് അറിയില്ലെന്നാണ് പ്രതികളുടെ മൊഴി. ഇവരുടെ ഫോണുകൾ ഡയറക്ടറേറ്റ് ഒഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊക്കെയ്ൻ കൈപ്പറ്റേണ്ടിയിരുന്നയാളെ വൈകാതെ പിടികൂടുമെന്ന് ഡി.ആർ.ഐ. അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രസീലിയൻ ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡി.ആർ.ഐ. കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ സ്‌കാനിംഗ് നടത്തിയപ്പോഴാണ് ഇവരുടെ വയറ്റിൽ കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെത്തിയത്. മൂന്നുലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ ബ്രസീലിയൻ റീലും (19405.60 റീൽ) വിമാനടിക്കറ്റുകളും താമസസൗകര്യവുമാണ് ഇവർക്ക് കമ്മിഷനായി വാഗ്ദാനം ചെയ്തിരുന്നത്.
കൊച്ചിയിൽ എത്തും മുമ്പ് അവസാനമായി കാർട്ടലിൽ നിന്ന് ലഭിച്ച സന്ദേശം, സുരക്ഷിതരാണെന്ന് ഉറപ്പാക്കിയശേഷം ബന്ധപ്പെടണം എന്നായിരുന്നു. ബ്രസീലിയൻ നമ്പരിൽ നിന്നാണ് വിളികൾ വന്നിരുന്നത്. പ്രതികൾ നിലവിൽ റിമാൻഡിലാണ്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. സാവോപോളോയിൽ നിന്ന് ദുബായ് വഴിയാണ് ദമ്പതികൾ കൊച്ചിയിൽ എത്തിയത്. വിനോദസഞ്ചാരികളെന്ന വ്യാജേനയെത്തി ലഹരി കടത്തി മടങ്ങാനായിരുന്നു പദ്ധതി.
3 ദിവസം; 163 ക്യാപ്‌സ്യൂൾ
മൂന്നുദിവസം കൊണ്ടാണ് ഇവരുടെ ശരീരത്തിൽ നിന്ന് 163 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തത്. ലൂക്കോസിന്റെ ശരീരത്തിൽ നിന്ന് 82 ഗുളികകളും ബ്രൂണയുടെ ശരീരത്തിൽ നിന്ന് 81 ഗുളികകളുമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത 1.67 കിലോ കൊക്കെയ്‌ൻ ഏകദേശം 16 കോടി രൂപ വിലവരും.
കൊക്കെയ്ൻ കടത്ത് കേസുകൾ
• 2024 സെപ്തംബർ - മുംബയിൽ പിടിയിലായത് ബ്രസീലിയൻ യുവതി. പിടികൂടിയത് 124 കൊക്കെയ്ൻ ക്യാപ്‌സ്യൂൾ. മൂല്യം 9.73 കോടി രൂപ.
• 2024 നവംബർ - ലൈബീരിയൻ പൗരൻ മുംബയിൽ പിടിയിലായി. ബാഗിൽ നിന്ന് കൊക്കെയ്ൻ പിടിച്ചെടുത്തു
• 2025 ജനുവരി -ബ്രസീലിയൻ യുവാവ് ഡൽഹിയിൽ പിടിയിലായി. 91 കാപ്‌സ്യൂൾ പിടിച്ചെടുത്തു. 13.45 കോടി രൂപ.
• 2025 ജനുവരി - ബ്രസീലയൻ യുവതി ഡൽഹിയിൽ അറസ്റ്റിൽ. 25 കോടിയുടെ കൊക്കെയ്ൻ പിടികൂടി.
• 2025 ജനുവരി- 2 ബ്രസീലിയൻ യുവതികൾ പിടിയിലായി. 93,98 കാപ്‌സ്യൂളുകൾ ഇരുവരിൽ നിന്നും പുറത്തെടുത്തു. 12.99 കോടി.
• 2025 മാർച്ച് - മുംബയിൽ പിടിയിലായത് ബ്രസീലിയൻ യുവതി. പിടിച്ചെടുത്തത് 11 കോടിയുടെ ലിക്വിഡ് കൊക്കെയ്ൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |