സൈനികന്റെ വീട്ടിൽ നിന്ന് 6 കുപ്പി വിദേശമദ്യവും മോഷ്ടിച്ചു
വള്ളികുന്നം : കിണറുമുക്കിലും പരിസരത്തും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര. വള്ളികുന്നം കിണറുമുക്കിന് സമീപം ഹരി മന്ദിരത്തിൽ രാജ് മോഹന്റെ വീട്ടിൽ നിന്ന് കതക് പൊളിച്ച് നാലരപ്പവൻ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കിഡ്നി രോഗ ബാധിതയായ ഭാര്യയ്ക്ക് വീണ് പരിക്കേറ്റതിനെ തുടർന്ന് രാജ് മോഹനും കുടുംബവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടുംബസമേതം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീടിന് മുന്നിലെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയ അയൽവാസിയാണ് മുൻവശത്തെ കതക് തുറന്ന് കിടക്കുന്ന വിവരം രാജ് മോഹനെയും സമീപത്ത് താമസക്കാരനായ സഹോദരനെയും അറിയിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മുൻവശത്തെ കതക് മൺവെട്ടിയ്ക്ക് തകർത്ത് മോഷണം നടത്തിയതായി കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും 800 രൂപയുമാണ് കവർന്നത്. വള്ളികുന്നം പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡ് , വിരലടയാള വിദഗ്ദർ എന്നിവരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും വ്യക്തമായ സൂചനയൊന്നും ലഭിച്ചില്ല. സമീപത്തെ കടകളിലെ സി.സി ടിവി ക്യാമറകളിൽ നിന്ന് ചില ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആളില്ലാത്ത വീടുകൾ ചുറ്രിപ്പറ്റി കവർച്ചാ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചൂനാടിന് സമീപം ആളില്ലാതിരുന്ന വിമുക്ത ഭടന്റെ വീട്ടിൽ നിന്നും 6 കുപ്പി വിദേശമദ്യവും കള്ളൻ കവർന്നു. സമീപത്തെ ചില വീടുകളിലും കവർച്ചാശ്രമമുണ്ടായെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |