കൊച്ചി: ആറു മാസം മുമ്പ് 15 ലക്ഷം രൂപയുടെ രാസലഹരിയുമായി പൊലീസിന്റെ പിടിയിലായ യുവതിയെ മറ്റൊരു മയക്കുമരുന്ന് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു. കാക്കനാട് ജില്ലാജയിലിൽ റിമാൻഡിൽ കഴിയുന്ന മഹാരാഷ്ട്ര പൂന സ്വദേശി ആയിഷ ഗാഫറിനെയാണ് (39) എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സുരേഷിന്റെ നേതൃത്വത്തിൽ ഇന്നലെ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ജനുവരി 29ന് എറണാകുളം എസ്.ആർ.എം റോഡിലെ ലോഡ്ജിൽ രാസലഹരിയുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത നാല് യുവാക്കൾക്ക് മയക്ക്മരുന്ന് കൈമാറിയത് ആയിഷയാണെന്ന് എക്സൈസിന്റെ തുടരന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി ഹിജാസിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ആയിഷയുടെ അക്കൗണ്ടിലേക്ക് മൂന്നു തവണകളിലായി ഒരു ലക്ഷത്തോളം രൂപ ഗൂഗിൾ പേ ചെയ്തതായും കണ്ടെത്തി. തുടർന്ന് ജില്ലാ സെഷൻസ് കോടതിയുടെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ആയിഷ അഞ്ചാം പ്രതിയാണ്.
ഒമാൻ കേന്ദ്രീകരിച്ചാണ് ആയിഷ നെടുമ്പാശേരി വിമാനത്താവളം വഴി എം.ഡി.എം.എ ഉൾപ്പെടെ രാസലഹരി കടത്തിയത്. ഒമാനിൽ തങ്ങുന്ന പാക്പൗരൻ ഖാൻ ഭായി എന്നയാളാണ് രാസലഹരി കൈമാറിയത്. ഫ്ലാസ്കിൽ ഒളിപ്പിച്ച് കടത്തുന്ന രാസലഹരി കേരളത്തിലെത്തിയാൽ ഗ്രാമിന് 4000 രൂപയ്ക്കാണ് വില്പന. ജനുവരി 31നാണ് 450 ഗ്രാം എം.ഡി.എം.എയും 2.92 ലക്ഷം രൂപയും സഹിതം ആയിഷയും കൂട്ടാളിയും ഡാൻസഫിന്റെ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |