വെഞ്ഞാറമൂട്: ജഡ്‌ജി ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിലും മറ്റ് നിരവധി തട്ടിപ്പ് കേസുകളിലും പ്രതികളായ രണ്ടുപേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്‌തു. വെഞ്ഞാറമൂട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ കണ്ണൂർ ചിറയ്ക്കൽ കവിതാലയത്തിൽ ജിഗേഷ്.കെ.എം.(40),മാന്നാർ ഇരുമന്തൂർ അച്ചത്തറ വടക്കതിൽ വീട്ടിൽ സുമേഷ് (36) എന്നിവരാണ് പിടിയിലായത്.
ആഡംബര കാർ,91,000 രൂപ,ലാപ്‌ടോപ്പ്,പ്രിന്റർ,ഏഴ് മൊബൈൽ ഫോണുകൾ,യു.പി.എസ്.സിയുടേത് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്ക് പലർക്കായി തയ്യാറാക്കി വച്ചിരുന്ന വ്യാജ നിയമന ഉത്തരവുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പത്താം ക്ളാസിൽ തോറ്ര ജിഗേഷ് പല സ്ഥലങ്ങളിലായി താമസിച്ച് വിലകൂടിയ കാറുകളിൽ ദേശീയപതാക പതിപ്പിച്ചും ജഡ്ജിയുടെ ബോർഡ്,വേഷം എന്നിവ ധരിച്ചുള്ള ഫോട്ടോകൾ അയച്ചുമാണ് ഇരകളെ വിശ്വസിപ്പിച്ചിരുന്നത്.
ബാങ്ക് ലോൺ റദ്ദാക്കാമെന്ന്
വിശ്വസിപ്പിച്ച് തട്ടിപ്പ്
വായ്‌പാ കുടിശിക എഴുതിത്തള്ളാൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു വീട്ടമ്മയിൽ നിന്നും പണം തട്ടിയത്. 2022 ജൂണിലാണ് കേസിനാസ്‌പദമായ സംഭവങ്ങൾക്ക് തുടക്കം. പരാതിക്കാരി സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങി. ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇത് ഒമാനിൽ ജോലി ചെയ്യുന്ന വീട്ടമ്മയുടെ ഭർത്താവ് കൂടെ ജോലിചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയായ ഷിജു എന്നയാളോട് പറഞ്ഞു. പ്രശ്‌നപരിഹാരമെന്ന നിലയിൽ തന്റെ പരിചയത്തിൽ ലോണെടുത്ത ബാങ്കിന്റെ കാര്യങ്ങൾ നോക്കുന്ന ജഡ്ജിയുണ്ടെന്നും താത്പര്യമുണ്ടങ്കിൽ അയാളെ ഏർപ്പാടാക്കാമെന്നും ഷിജു പറഞ്ഞു. തുടർന്ന് വീട്ടമ്മയെ ഭർത്താവ് വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. 2022ൽ വെമ്പായത്തെ ആഡംബര ഹോട്ടലിനു മുന്നിൽ വച്ച് വീട്ടമ്മ ഒന്നരലക്ഷം രൂപയും അടുത്ത മാസം മൂന്ന് തവണകളിലായി നാലര ലക്ഷം രൂപയും നൽകി. ഇതൊക്കെയായിട്ടും ബാങ്ക് ജപ്‌തി നടപടികളുമായി മുന്നോട്ടുപോയതോടെ സംശയം തോന്നിയ വീട്ടമ്മ പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ടവർ ലൊക്കേഷനിൽ കുടുങ്ങി
പൊലീസ് പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും ഫോണുകൾ മാറിമാറി ഉപയോഗിക്കുന്നതിനാൻ വിജയിച്ചില്ല. ഒടുവിൽ ഫോണിൽ കിട്ടിയെങ്കിലും പൊലീസാണെന്ന് മനസിലാക്കി പ്രതികൾ ഫോൺ ഓഫ് ചെയ്തു. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ ഭാഗത്തുണ്ടെന്ന് മനസിലാക്കി ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.
നിരവധി കേസുകൾ
പിടിച്ചെടുത്ത പണം ദേവസ്വം ബോർഡിൽ വ്യാജ നിയമ ഉത്തരവ് നൽകി ഒരാളിൽ നിന്നും തട്ടിയെടുത്തതാണെന്ന് കണ്ടെത്തി. പ്രതികൾക്കെതിരെ 2014ൽ കണ്ണൂരിലും 2018ൽ പെരുമ്പാവൂരിലും വയനാട്,ആലപ്പുഴ എന്നിവിടങ്ങളിലും സമാനമായ രീതിയുള്ള തട്ടിപ്പു കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ എസ്.ഐ സജിത്ത്,ഷാജി.എം.എ,ഷാജി.വി, സി.പി.ഒമാരായ സന്തോഷ്,ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |