കൊച്ചി : നടൻ ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിംഗ് കൗച്ചിന് ഇരയായെന്ന് യുവതിയുടെ പരാതി. അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെയാണ് യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. വേഫെറർ പിലിംസും ദിനിൽ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ അപകീർത്തിപ്പെടുത്തിയതിനാണ് വേഫെറർ ഫിലിംസ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. ദിനിൽ ബാബുവുമായി യാതൊരു ബന്ധവുമില്ലെന്നും വേഫെററിന്റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും അവർ വ്യക്തമാക്കി.
വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടാണ് ദിനിൽ ബാബു വിളിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പനമ്പിള്ളി നഗറിൽ ഉള്ള വേഫെററിന്റെ ഓഫീസനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. അവിടെ എത്തിയ തന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതി പറയുന്നത്. തനിക്ക് വഴങ്ങിയില്ലെങ്കിഷ മലയാള സിനിമയിൽ അവസരം ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ദിനിൽ ബാബുവിന്റെ ശബ്ദസന്ദേശവും യുവതി പരസ്യപ്പെടുത്തി.
അതേസമയം വെഫെറർ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറർ ഫിലിംസിന്റെയോ ഒഫിഷ്യൽ മീഡിയ പേജുകൾ വഴിയേ പുറത്തുവരൂ എന്നും മറ്റുതരത്തിലുള്ള കാസ്റ്റിംഗ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും വേഫെറർ ഫിലിംസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |