SignIn
Kerala Kaumudi Online
Thursday, 19 February 2026 6.05 AM IST

ബിവറേജസ് ഷോപ്പിൽ നിന്ന് 80,000 രൂപയും വാഹനത്തിൽ നിന്ന് മദ്യവും പിടിച്ചു

Increase Font Size Decrease Font Size Print Page

crime

രണ്ട് ജീവനക്കാർ മദ്യലഹരിയിൽ

നെടുമ്പാശേരി: അത്താണി കോട്ടായിൽ ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 80,000ത്തിലേറെ രൂപയും ജീവനക്കാർ രഹസ്യമായി സൂക്ഷിച്ച മദ്യവും കണ്ടെടുത്തു. മദ്യലഹരിയിലായിരുന്ന രണ്ട് ജീവനക്കാരെയും അനധികൃത ജോലിക്കാരായ രണ്ട് പേരെയും കണ്ടെത്തി.

രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച്ച രാത്രി 10.30ഓടെയായിരുന്നു മിന്നൽ പരിശോധന. വിദേശ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് ബിവറേജസ് ജീവനക്കാർ അനധികൃതമായി പണം കൈപ്പറ്റി അവരുടെ ബ്രാൻഡിന് കൂടുതൽ വിൽപ്പന ഉണ്ടാക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മിന്നൽ പരിശോധന. 80150 രൂപയാണ് പിടിച്ചെടുത്തത്. ഔട്ട്‌ലെറ്റിലെ ജീവനക്കാരുടെ വാഹനങ്ങളിൽ നിന്ന് ബിൽ ഇല്ലാതെ മൂന്ന് ലിറ്റർ വിദേശ മദ്യമാണ് കണ്ടെടുത്തത്. മദ്യലഹരിയിലായിരുന്ന രണ്ട് ജീവനക്കാരെ മെഡിക്കൽ പരിശോധനക്ക് വിധേയരാക്കി. ഇവിടെ അനധികൃതമായി രണ്ട് പേർ ജോലി ചെയ്യുന്നതായും കണ്ടെത്തി.

എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വർഗീസിൻെ നിർദേശ പ്രകാരം ഇൻസ്പെക്ടർ എൻ.എ. അനൂപിന്റെ നേത്യത്വത്തിൽ നടന്ന പരിശോധന ഇന്നലെ പുലർച്ചെ വരെ നീണ്ടു. ഇന്നലെ സർവീസിൽ നിന്നു വിരമിച്ചയാളുടെ യാത്രഅയപ്പ് പരിപാടിയുടെ ഭാഗമായിട്ടാണ് മദ്യപിച്ചതെന്നും സമീപത്തെ ഒരു പെട്രോൾ പമ്പിൽ നിന്ന് നാണയം വാങ്ങിയതിന് തിരിച്ച് നൽകേണ്ട തുകയാണ് അധികമായി കണ്ടെത്തിയതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണം സംഘം വിജിലൻസ് തള്ളിക്കളയുകയാണ്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY