
പന്തളം: പ്രവാസിയുടെ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 51.5 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി തിരുക്കുറുകുടി ഇസക്കി രമേശ് (32), നല്ലൻകുളം വള്ളിയൂർ സമാധാനപുരം ഗണേഷ് (23) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29ന് പുലർച്ചെ 3.30ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന റോഡിനോട് ചേർന്ന് കുളനട കൈപ്പുഴ ബിജുനാഥിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. 29ന് രാവിലെ വീട്ടിലെത്തിയ ബിജുനാഥിന്റെ മാതാവാണ് മോഷണം വിവരം അറിയുന്നത്. പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലെ 500ൽപരം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായ രീതിയിൽ വെളുത്ത സ്വിഫ്ട് കാർ കണ്ടെത്തി. എന്നാൽ നമ്പർ വ്യാജമായിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ നിന്ന് കാർ കണ്ടെത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു. മോഷണം നടന്ന ദിവസം മുതൽ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഒൻപത് ദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തിയത്.
പ്രതികൾ കർണാടകയിലും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് അന്തർ സംസ്ഥാന കവർച്ചാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |