
തൊടുപുഴ: കുടുംബ വഴക്കിനിടയിൽ മകൻ കല്ലുകൊണ്ട് ഇടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവ് മരിച്ചു. ഉടുമ്പന്നൂർ അമയപ്ര നെടുമറ്റത്തിൻകരയിൽ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തിൽ മകൻ രാജേഷിനെ (45) കരിമണ്ണൂർ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തർക്കത്തിനിടയിൽ രാജേഷ് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരും മുമ്പും സ്വത്ത് തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പാലക്കുഴ സ്വദേശികളായ ഇവർ ഒരു വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. മൂത്തമകൻ രാജീവാണ് വീട് വാടകയ്ക്കെടുത്തത്. ഇതോടെ വേലപ്പനും ഭാര്യയും ഇവിടേക്ക് താമസം മാറി. ഇളയ മകൻ രാജേഷ് ഇടയ്ക്കിടെ വന്ന് താമസിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലപ്പനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും രാജേഷ് ആയുധമുപയോഗിച്ച് തടയാൻ ശ്രമിച്ചതിനെ തുടർന്ന് കരിമണ്ണൂർ പൊലീസെത്തിയാണ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഡ്യൂട്ടി ഡോക്ടർ റഫർ ചെയ്‌ത് വിളിച്ചുവരുത്തിയ 108 ആംബുലൻസിന്റെ സേവനം ലഭ്യമായില്ലെന്ന ആരോപണമുണ്ട്. ഐ.സി.യു ആംബുലൻസിൽ കൊണ്ടുപോയാൽ മതിയെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞതോടെ തർക്കമുണ്ടായി. ഇതിനിടെ രോഗി രക്തംവാർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. വേലപ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |