
നിലമ്പൂർ: മൂന്നര വയസുകാരിയുടെ കഴുത്തിൽ നിന്ന് മോഷ്ടിച്ച സ്വർണമാല യുവതി വിഴുങ്ങിയതോടെ തൊണ്ടിമുതൽ പുറത്തുവരുന്നതും കാത്ത് മൂന്ന് ദിവസമായി കാവൽ നിൽക്കുകയാണ് വനിതാ പൊലീസുകാർ. ജില്ലാ ആശുപത്രിയിൽ എനിമ നൽകിയിട്ടും പുറത്തുവരാത്തതിനാൽ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 29കാരിയായ യുവതിയെ കൊണ്ടുപോയി.
ഫഹദ് ഫാസിൽ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ സമാനരംഗങ്ങൾക്കാണ് നിലമ്പൂർ പൊലീസ് സ്റ്റേഷനും ജില്ലാ ആശുപത്രിയും സാക്ഷ്യം വഹിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തെ ശിശുരോഗ വിദഗ്‌ദ്ധന്റെ ക്ലിനിക്കിൽ തിങ്കളാഴ്ച രാത്രി പത്തോടെയാണ് തുടക്കം. ഡോക്ടറെ കാണാൻ എത്തിയ മമ്പാട് കളങ്കുന്ന് സ്വദേശി സുബൈറിന്റെ മകളുടെ കഴുത്തിൽ നിന്നാണ് 3.5 ഗ്രാമിന്റെ മാല കാണാതായത്. വരാന്തയിൽ ഓടിക്കളിച്ച കുട്ടിയെ നിലമ്പൂർ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് സ്വദേശി കല്ലൻകുന്നൻ സെമീന(29) ലാളിച്ചു. മാതാവ് തിരികെ വിളിച്ചപ്പോൾ തനിക്ക് പെൺകുഞ്ഞില്ലെന്നും ഏറെ ഇഷ്ടമാണെന്നും സെമീന പറഞ്ഞു. കുട്ടിയെ എടുത്തു നടന്നു. അതിനിടെ സെമീനയുടെ പരിഭ്രമം കണ്ട് കുട്ടിയുടെ മാതാവ് അടുത്തെത്തിയപ്പോൾ കുട്ടിയുടെ കഴുത്തിൽ മാലയില്ലായിരുന്നു. സെമീന മാല ആരും കാണാതെ വിഴുങ്ങി. തടഞ്ഞുവച്ചെങ്കിലും മാല എടുത്തിട്ടില്ലെന്ന് തറപ്പിച്ചുപറഞ്ഞു. നിലമ്പൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തപ്പോഴും കുറ്റം നിഷേധിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വച്ച് എക്‌സറേയെടുത്തതോടെ വയറ്റിൽ മാല കണ്ടെത്തി. രാത്രി തന്നെ എനിമ നൽകിയെങ്കിലും ആഭരണം പുറത്തുവന്നില്ല. ആശുപത്രിയിലെ പ്രത്യേക മുറിയിലാക്കി വനിതാ പൊലീസിന്റെ നിരീക്ഷണത്തിലാക്കി. ചൊവാഴ്ചയും ബുധനാഴ്ചയും ഓരോ തവണ വീതം എനിമ നൽകിയെങ്കിലും മാല പുറത്തുവന്നില്ല. വൻകുടലിൽ ഒട്ടിപ്പിടിച്ച നിലയിലാണ് മാല. മലദ്വാരത്തിലൂടെ കുഴലിറക്കി വേണം പുറത്തെടുക്കാൻ. ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഇന്നലെ വൈകിട്ടോടെ സെമീനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് വനിതാ പൊലീസുകാരാണുള്ളത്. തൊണ്ടിമുതൽ തിരികെക്കിട്ടാൻ ഏറെ ജാഗ്രതയോടെയാണ് സെമീനയെ ഇവർ നിരീക്ഷിച്ചത്. മറ്റു കേസുകളിൽ സെമീന പ്രതിയായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |