
കൊട്ടാരക്കര: ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവല്ല കടാപ്ര വളഞ്ഞവട്ടം കൊട്ടാരത്തിൽ വീട്ടിൽ രാജീവൻ (മഹേഷ്-39), തിരുവല്ല മഠത്തിനാട്ട് നടുക്കേ വീട്ടിൽ ഗോപകുമാർ(50), ചെങ്ങന്നൂർ ചെറിയനാട് കൊട്ടാരത്തിൽ വീട്ടിൽ ഗിരീഷ് കുമാർ (കാർത്തിക്- 37) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കരുമാടി രോഹിണി നിവാസിൽ ആർ.ശ്രീകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാങ്ക് വായ്പകൾ തീർപ്പാക്കി കൂടുതൽ തുക എടുത്ത് നൽകുമെന്ന തരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. കൊട്ടാരക്കര കേന്ദ്രമാക്കി സെവൻ സ്റ്റാർ അസോസിയേറ്റ് എന്ന സ്ഥാപനവും തുടങ്ങി. ഇവിടെ വച്ചാണ് പരാതിക്കാരനിൽ നിന്ന് 52,000 രൂപ സംഘം കൈപ്പറ്റിയത്. ലോൺ പുതുക്കി കൂടുതൽ തുക നൽകുമെന്ന് പറഞ്ഞുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതേത്തുടർന്നാണ് ശ്രീകുമാർ പൊലീസിനെ സമീപിച്ചത്. കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |