SignIn
Kerala Kaumudi Online
Thursday, 19 February 2026 4.04 AM IST

കോട്ടാത്തലയിൽ വീടുകയറി ആക്രമണം, യുവാവിനെ കുത്തി, അമ്മയ്ക്കും പരിക്ക്

Increase Font Size Decrease Font Size Print Page
photo

കൊട്ടാരക്കര: വീടിന് സമീപത്തെ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെയും മാതാവിനെയും വീടുകയറി ആക്രമിച്ചു. മകന് കുത്തേറ്റു. കോട്ടാത്തല കണ്ണങ്കര വീട്ടിൽ അരുൺജിത്ത്(44), മാതാവ് ഇന്ദിരാഭായി(63) എന്നിവർക്കാണ് പരിക്കേറ്റത്. അരുൺജിത്തിന്റെ തലയിലാണ് കത്തികൊണ്ടുള്ള കുത്തേറ്റത്. ഇന്നലെ വൈകിട്ട് 3.45ന് ആയിരുന്നു സംഭവം. കോട്ടാത്തല ജംഗ്ഷനിലെ ജനത വായനശാലയ്ക്ക് തൊട്ടുപിന്നിലായിട്ടാണ് അരുൺജിത്തും കുടുംബവും താമസിക്കുന്നത്. വായനശാലയോട് ചേർന്നുള്ള കളത്തട്ടിൽ ഇരുന്ന് കോട്ടാത്തല വയലിൽക്കട ചരിപ്പുറത്ത് വീട്ടിൽ ബിബിൻ(32) മദ്യപിച്ചതും വിസർജ്യം നടത്തിയതും അരുൺജിത്ത് ഒരാഴ്ച മുൻപ് ചോദ്യം ചെയ്തിരുന്നു. സ്ഥിരം ക്രിമിനൽ കേസുകളിലെ പ്രതികളായ ബിബിനെയും സുഹൃത്ത് വിഷ്ണുവിനെയും ഉത്സവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് കരുതൽ തടങ്കലിൽ വച്ചിരുന്നതാണ്. ഇന്നലെ രാവിലെ കരുതൽ തടങ്കൽ കഴിഞ്ഞിറങ്ങിയ ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും അരുൺജിത്തിന്റെ വീട്ടിലെത്തുകയുമായിരുന്നു. ദിനപത്രങ്ങൾ പിക്കപ്പ് വാനിൽ കൊല്ലത്തുനിന്നും ഏജന്റുമാർക്ക് എത്തിച്ചുകൊടുക്കുന്ന ജോലിയാണ് അരുൺജിത്തിന്റേത്. അതുകൊണ്ടുതന്നെ പകൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ബിബിനും വിഷ്ണുവും വിഷ്ണുവിന്റെ അനുജൻ വിശാഖും കൂടി എത്തിയത്. ഇന്ദിരാഭായിയോട് ഓട്ടം ഉണ്ടെന്നും അരുൺജിത്തിനെ വിളിക്കാനും പറഞ്ഞു. തുടർന്നാണ് വീട്ടിലേക്ക് ഇരച്ചുകയറി മൂവരും അരുൺജിത്തിനെ ആക്രമിച്ചത്. തടസം പിടിക്കവെയാണ് ഇന്ദിരാഭായിയെയും മർദ്ദിച്ചത്. പിച്ചാത്തികൊണ്ടുള്ള കുത്തേറ്റും മർദ്ദനമേറ്റും അരുൺജിത്ത് താഴെ വീണുവെങ്കിലും കൈയിലിരുന്ന തോർത്തുകൊണ്ട് ബിബിനെ ചുറ്റിപ്പിടിച്ചു. ആളുകൾ ഓടിക്കൂടിയപ്പോൾ വിഷ്ണുവും വിശാഖും ഓടി രക്ഷപെട്ടു. ബിബിനെ തോർത്തുകൊണ്ടുതന്നെ കൈകൾ ബന്ധിച്ചശേഷം കൊട്ടാരക്കര പൊലീസിനെ വിളിച്ച് കൈമാറി. വീടുകയറി ആക്രമണം, കൊലപാതക ശ്രമം അടക്കം വിവിധ വകുപ്പുകളിട്ടാണ് പൊലീസ് കേസെടുത്തത്. ബിബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് രണ്ടുപേരെ കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പൊലീസ്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY