
വാടനപ്പിള്ളി: പത്താംകല്ലിൽ പതിനാറുകാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ തൃശൂർ റൂറൽ പൊലീസ് പിടികൂടി. പുളിയംതുരുത്ത് ഇടശ്ശേരി സ്വദേശി പുളിപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ (22), പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി എന്നിവരാണ് പിടിയിലായത്. അതുൽ കൃഷ്ണയെ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. 15ന് രാത്രി 7.30നായിരുന്നു സംഭവം. തളിക്കുളം പുതുകുളങ്ങര സ്വദേശി മുസ്ലിയാം വീട്ടിൽ നൗഫൽ (16) സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കമ്പി, ചെറിയ കത്തി, വാൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികൾ കമ്പി കൊണ്ടും കത്തി കൊണ്ടും കുത്താൻ ശ്രമിച്ചത് നൗഫൽ തടഞ്ഞെങ്കിലും, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടി വാൾ ഉപയോഗിച്ച് നൗഫലിന്റെ തലയിൽ വെട്ടുകയായിരുന്നു. ആക്രമണത്തിൽ നൗഫലിന് ഗുരുതരമായി പരിക്കേറ്റു.
വാടാനപ്പിള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ എൻ.ബി.ഷൈജു, എസ്.ഐമാരായ മുഹമ്മദ് റാഫി, ഷാഫി, എ.എസ്.ഐ കാജ ഹുസൈൻ, ജി.എസ്.സി.പി.ഒമാരായ ലാൽകുമാർ, ശ്രീജിത്ത്, സുരേഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |