
ആലപ്പുഴ: ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനം ചെയ്‌ത് 85കാരനിൽ നിന്ന് 19.62 ലക്ഷം തട്ടിയെടുത്തു. മാരാരിക്കുളം സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഡിസംബർ 15ന് ഷെയർ ട്രേഡിംഗുമായി ബന്ധപ്പെട്ട് യുട്യൂബിൽ കണ്ട വീഡിയോയിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. വീഡിയോയിലെ ലിങ്കിൽ വിവരങ്ങൾ നൽകിയതോടെ തട്ടിപ്പുകാർ ഫോണിലും മെയിലിലും ബന്ധപ്പെട്ടു. ബി.എക്‌സ്.ബി മാർക്കറ്റ് എന്ന ഷെയർ ട്രേഡിംഗ് ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി അയച്ചുനൽകിയ ലിങ്കിൽനിന്ന് വ്യാജട്രേഡിംഗ് ആപ്പ് ഇൻസ്റ്റൾ ചെയ്യുകയായിരുന്നു. തുടർന്ന് ഡിസംബർ 16 മുതൽ ഫെബ്രുവരി രണ്ട് വരെ 17 തവണയായി 19,62,768 രൂപ നിക്ഷേപിച്ചു.
ട്രേഡിംഗ് ആപ്പിൽ നിക്ഷേപവും ലാഭവും കൃത്രിമമായി കാണിച്ചാണ് തട്ടിപ്പുകാർ വൃദ്ധന്റെ വിശ്വാസം നേടിയത്. പിന്നീട് നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നു. തട്ടിപ്പുകാരെ ബന്ധപ്പെട്ടപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. വൃദ്ധന്റെ പണം എത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന് കൈമാറിയിട്ടുണ്ട്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |